
അഹമ്മദാബാദ്: ഏകദിന ലോകകപ്പിന് മുന്നോടിയായി അഹമ്മദാബാദില്‍ നടന്ന ക്യാപ്റ്റന്‍മാരുടെ സംഗമത്തില്‍ കസേരയില്‍ ഇരുന്നുറങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകക്കും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും നടുവിലിരുന്ന് ബാവുമ ഉറങ്ങുന്നതിന്‍റെയും വില്യംസണ്‍ ആശ്ചര്യത്തോടെ ബാവുമയെ നോക്കുന്നതിന്‍റെയും ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും ചിത്രത്തില്‍ കാണാം. ഇംഗ്ലണ്ടിന്‍രെ ആരാധകകൂട്ടമായ ബാര്‍മി ആര്‍മിയുടെ എക്സില്‍(മുമ്പ് ട്വിറ്റര്‍) ആണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകള്‍ക്കകം ഇത് ആരാധകര്‍ ഏറ്റടെുക്കുകയും ചെയ്തു.
എന്നാല്‍ ക്യാപ്റ്റന്‍സ് മീറ്റില്‍ കസേരയില്‍ ഇരുന്നുറങ്ങിയെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാവുമ ഇപ്പോള്‍. എന്നാല്‍ താന്‍ ഇരുന്നുറങ്ങുകയായിരുന്നില്ലെന്നും ക്യാമറ ആംഗിളിന്‍രെ പ്രശ്നമാണ് അതെന്നും ബാവുമ ബാര്‍മി ആര്‍മിയുടെ എക്സിലെ പോസ്റ്റിന് താഴെ പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയുടെ സന്നാഹ മത്സരങ്ങള്‍ കളിക്കാനായി തിരുവനന്തപുരത്തെത്തിയ ബാവുമ വ്യക്തിപരമായ കാരണങ്ങളാല്‍ അടിയന്തിരമായി നാട്ടിലേക്ക് മടങ്ങിയിരുന്നു. ബാവുമയുടെ അഭാവത്തില്‍ സന്നാഹ മത്സരങ്ങളില്‍ ഏയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. അഫ്ഗാനിസ്ഥാനുമായുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ സന്നാഹ മത്സരം മഴ മുടക്കിയപ്പോള്‍ രണ്ടാം സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങി. സന്നാഹ മത്സരങ്ങള്‍ക്ക് ശേഷം നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ബാവുമ ടീമിനൊപ്പം ചേര്‍ന്നിരുന്നു.
ലോകകപ്പില്‍ ഏഴിന് ശ്രീലങ്കക്കെതിരെ ആണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. ഇന്നലെ അഹമ്മദാബാദിലാണ് ലോകകപ്പിന് മുന്നോടിയായി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന 10 ടീമുകളുടെയും നായകന്‍മാരെ ഉള്‍പ്പെടുത്തി ക്യാപ്റ്റന്‍സ് മീറ്റും ഫോട്ടോ ഷൂട്ടും നടത്തിയത്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ഇന്ന് റണ്ണറപ്പുകളാ ന്യൂസിലന്‍ഡിനെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!