
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിചയസമ്പത്ത് കുറഞ്ഞ ഇന്ത്യൻ യുവനിരയെ നയിച്ച് ടെസ്റ്റ് ജയിക്കുക എന്ന വെല്ലുവിളിയിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയിപ്പോള്‍. വിരാട് കോലിയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയുമൊന്നും ഇല്ലാത്ത ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുക എന്നത് രോഹിത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രോഹിത് പക്ഷെ 14 റണ്‍സെടുത്ത് പുറത്തായി ബാറ്റിംഗില്‍ നിരാശപ്പെടുത്തിയിരുന്നു.
വീണ്ടും നിരാശപ്പെടുത്തി രോഹിത്തിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുന്നതിനിടെയാണ് മറ്റൊരു വീഡിയോ വീണ്ടും വൈറലാവുന്നത്. രോഹിത് അഭിനയിച്ച ഹിന്ദി ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. കരിയറിന്‍റെ തുടക്കകാലത്തായിരുന്നു രോഹിത് ശര്‍മ വിക്ടറി എന്ന ഹിന്ദി ചിത്രത്തില്‍ രോഹിത് ആയി തന്നെ അഭിനയിച്ചത്.
അനുപം ഖേര്‍, ഹര്‍മന്‍ ബവേജ, അമൃത റാവു എന്നീ പ്രമുഖതാരങ്ങളെല്ലാം അഭിനയിച്ച ചിത്രമായിരുന്നു വിക്ടറി. ചിത്രത്തിലെ നായക കഥാപാത്രമായ വിജയ് ഷെഖാവത്തിനെ ഹര്‍മന്‍ ബവേജയാണ് അവതരിപ്പിച്ചത്. സിനിമയില്‍ ഹര്‍മന്‍ ഒരു ക്രിക്കറ്റ് താരമാണ്.
ഇന്ത്യന്‍ താരമായ രോഹിത് ശര്‍മക്ക് നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിടെ അപ്രതീക്ഷിതമായി പരിക്കേല്‍ക്കുന്നതോടെ ഹര്‍മന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഇടം കിട്ടുന്നു. രോഹിത് നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതും പരിക്കേറ്റ് വീഴുന്നതുമായ രംഗങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്.
ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടേണ്ടത് രോഹിത്തിന് അനിവാര്യമാമ്. ഏകദിന ലോകകപ്പ് ഫൈനലില്‍ രോഹിത്തിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നു. ഈ വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവുമെന്ന് കരുതുന്ന രോഹിത്തിന് ഐപിഎല്ലിലും തിളങ്ങിയാല്‍ മാത്രമെ ടീമിലെ സ്ഥാനവും ക്യാപ്റ്റന്‍ സ്ഥാനും നിലനിര്‍ത്താനാവു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക