വീണ്ടും ക്യാപ്റ്റനെ മാറ്റി ശ്രീലങ്ക; ലോകകപ്പിന് പുതിയ നായകന്‍

By Web TeamFirst Published Apr 17, 2019, 9:31 PM IST
Highlights

ലങ്കക്കായി 17 ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള 30കാരനായ കരുണരത്നെ കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് അവസാനം ഏകദിനങ്ങളില്‍ കളിച്ചത്.


കൊളംബോ: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ ദിമുത് കരുണരത്നെ നയിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നായകനായിരുന്ന ലസിത് മലിംഗക്ക് പകരമാണ് കരുണരത്നെയെ നായകനായി തെരഞ്ഞെടുത്തത്. ലോകകപ്പിനുള്ള 15 അംഗ ടീമിനെ ശ്രീലങ്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയെ നയിച്ചത് മലിംഗയായിരുന്നു. എന്നാല്‍ ശ്രീലങ്ക പരമ്പര 0-5ന് തോറ്റു.ടി20 പരമ്പരയില്‍ 0-2നും ലങ്ക തോറ്റുു. അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ ഒന്നില്‍ മാത്രമാണ് ലങ്ക ജയിച്ചത്.ലങ്കക്കായി 17 ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള 30കാരനായ കരുണരത്നെ കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് അവസാനം ഏകദിനങ്ങളില്‍ കളിച്ചത്. 17 ഏകദിനങ്ങളില്‍ 16 റണ്‍സ് മാത്രം ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് കരുണരത്നെയും സമ്പാദ്യം.

അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി ചരിത്രം രചിച്ച ലങ്കന്‍ ടീമിന് കരുത്തായത് കരുണരത്നെയുടെ ഐതിഹാസിക ബാറ്റിംഗ് പ്രകടനമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനം കരുണരത്നെക്ക് ഐസിസിയുടെ ഈ വര്‍ഷത്തെ ടെസ്റ്റ് ടീമിലും ഇടം നേടിക്കൊടുത്തിരുന്നു.മലിംഗക്ക് മുമ്പ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എയ്ഞ്ചലോ മാത്യൂസ്, ദിനേശ് ചണ്ഡിമല്‍, തിസാര പെരേര എന്നിവരെയും ലങ്ക ക്യാപ്റ്റന്‍ സ്ഥാനത്ത് പരീക്ഷിച്ചിരുന്നു.

click me!