ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് നിര്‍ണായകമാവുക ആര്? പേരുമായി ദിനേശ് കാര്‍ത്തിക്

By Web TeamFirst Published Aug 18, 2021, 4:26 PM IST
Highlights

ഐപിഎല്ലിലെ പരിചയസമ്പത്ത് ഇന്ത്യന്‍ ടീമിന് ഗുണകരമാകും എന്നും കാര്‍ത്തിക്

ദില്ലി: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണായകമാവുക ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെന്ന് ക്രിക്കറ്ററും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്. ഐപിഎല്ലിലെ പരിചയസമ്പത്ത് ഇന്ത്യന്‍ ടീമിന് ഗുണകരമാകും എന്നും കാര്‍ത്തിക് പറഞ്ഞു. 

'ഐപിഎല്ലില്‍ പരിചയസമ്പത്തുള്ളതിനാല്‍ ഇന്ത്യ സെമി ഫൈനലില്‍ കളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 150 മത്സരങ്ങള്‍ കളിച്ച ഏറെ താരങ്ങളുണ്ട്. ഇന്ത്യന്‍ ടീമില്‍ നിരവധി പേര്‍ നിര്‍ണായകമാണ്. എന്നാല്‍ അവരില്‍ ഇന്ത്യക്കായി ആരാണ് പ്രത്യേക പ്രകടനം പുറത്തെടുക്കുക എന്ന് ചോദിച്ചാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ പേരാണ് പറയുക. ആറാം നമ്പറിലാണ് ഹര്‍ദിക് ബാറ്റേന്തുന്നത്. ഒട്ടേറെ ഉത്തരവാദിത്വം ആ സ്ഥാനത്തുണ്ട്. മത്സരം മാറ്റിമറിക്കാനുള്ള കഴിവ് ഹര്‍ദിക്കിനുണ്ട്. ബൗളിംഗിലാവട്ടെ 85-87 മൈല്‍ വേഗത്തിലും സ്ലോ ബൗളുകളും എറിയാന്‍ കെല്‍പുണ്ട് ഹര്‍ദിക്കിന്. സ്ലോ വിക്കറ്റില്‍ നന്നായി എറിയാന്‍ കഴിയുന്നതാണ് അദേഹത്തിന്‍റെ സവിശേഷതകളിലൊന്ന്. മികച്ച ഫീല്‍ഡറെന്ന നിലയിലും ഹര്‍ദിക്കിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയും' എന്നും ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. 

ഒക്‌ടോബര്‍ 24ന് ദുബായ് ഇന്റനാഷണല്‍ സ്‌റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ടി20 ലോകകപ്പില്‍ രണ്ടാം കിരീടം തേടിയാണ് ഇന്ത്യ ഇറങ്ങുക. 

നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍  ഗ്രൂപ്പ് ഒന്നിലും ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്​ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലുമാണ്. ഒക്‌ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകൾ യോ​ഗ്യതാ റൗണ്ടിൽ മത്സരിക്കുന്നുണ്ട്. 

ഐസിസി ടെസ്റ്റ് റാങ്കിംഗ്: വമ്പന്‍ കുതിപ്പുമായി സിറാജും രാഹുലും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!