ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന കുല്‍ദീപ് യാദവിന് പിന്തുണയുമായി സഹതാരം യൂസ്‌വേന്ദ്ര ചാഹല്‍ രംഗത്ത്.
ദില്ലി: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ മോശം ഫോമിലാണ് കുല്‍ദീപ് യാദവ്. ഇതുവരെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരത്തിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. പരമ്പരയില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരനായി കണക്കാക്കപ്പെട്ടിരുന്ന കുല്‍ദീപിന് ഇതുവരെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. അതേസമയം 19 ഓവറില്‍ 67 ശരാശരിയില്‍ 134 റണ്‍സ് വഴങ്ങി. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍, സ്പിന്നര്‍ തന്റെ 10 ഓവറില്‍ 82 റണ്‍സ് വഴങ്ങിയിരുന്നു.
ഇതുവരെ മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും, സോഷ്യല്‍ മീഡിയയിലൂടെ കുല്‍ദീപിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് യൂസ്‌വേന്ദ്ര ചാഹല്‍. എക്സില്‍ അദ്ദേഹം കുറിച്ചിട്ട പോസ്റ്റില്‍ മൂന്ന് ഫോര്‍മാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ കുല്‍ദീപാണെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലം ഇന്ത്യക്ക് വേണ്ടി ഒരുമിച്ച കളിച്ച താരങ്ങളാണ് കുല്‍ദീപും ചാഹലും. ഏകദിന ക്രിക്കറ്റില്‍ ചാഹലും കുല്‍ദീപും മാരകമായ ഒരു കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 70 ഏകദിന മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ച അവര്‍ 130 വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് 70 വിക്കറ്റുകളും ചാഹല്‍ 60 വിക്കറ്റുകളും നേടിയിരുന്നു.
അതേസമയം, രണ്ടാം ഏകദിനത്തിലേറ്റ തോല്‍വിക്ക് ശേഷം ബൗളര്‍മാരെ കുറ്റപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രംഗത്ത് വന്നിരുന്നു. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്നതാണ് തോല്‍വിക്ക് കാരണമായതെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല. അഞ്ച് ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിനകത്ത് നില്‍ക്കുമ്പോള്‍ വിക്കറ്റുകള്‍ വീഴ്ത്തിയില്ലെങ്കില്‍ കളി ജയിക്കുക ബുദ്ധിമുട്ടാണ്. മത്സരത്തില്‍ ഇന്ത്യ 15-20 റണ്‍സ് അധികം നേടിയിരുന്നെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കില്‍ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടാകുമായിരുന്നില്ല.
മത്സരത്തിന്റെ ആദ്യ പത്തോവറില്‍ നമ്മള്‍ മനോഹരമായാണ് പന്തെറിഞ്ഞത്. അവരുടെ ഓപ്പണര്‍മാരെ പുറത്താക്കാനും അവരെ സമ്മര്‍ദ്ദത്തിലാക്കാനും നമുക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മധ്യ ഓവറുകളില്‍ അവര്‍ മനോഹരമായി ബാറ്റ് ചെയ്തതോടെയാണ് കളി നമ്മുടെ കൈവിട്ട് പോയത്.

