
ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റിലെ അവസാന ദിനം ഇരു ടീമും ഗ്രൗണ്ടിലിറങ്ങുമ്പോള്‍ പരമ്പര ആര് നേടുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇംഗ്ലണ്ട് ആണ് ജയിക്കുന്നതെങ്കില്‍ 3-1ന് പരമ്പര നേടും. മറിച്ച് ഇന്ത്യ ജയിച്ചാല്‍ പരമ്പര 2-2ന് സമനിലായവുമെന്നതായിരുന്നു സ്ഥിതി. ജയത്തിലേക്ക് 35 റണ്‍സ് മാത്രം മതിയായിരുന്ന ഇംഗ്ലണ്ടിന് നാലു വിക്കറ്റുകളും കൈവശമുണ്ടായിരുന്നു. എന്നാല്‍ ആറ് റണ്‍സകലെ ഇംഗ്ലണ്ടിന്‍റെ അവസാന ബാറ്ററെയും കൂടാരം കയറ്റി ഇന്ത്യ അഞ്ച് മത്സര പരമ്പര സമനിലയാക്കിയപ്പോള്‍ ആദ്യ ടെസ്റ്റ് തുടങ്ങും മുമ്പെ പരമ്പരയുടെ ഫലം കൃത്യമായി പ്രവചിച്ച് ഞെട്ടിച്ചിരിക്കുകയാണ ഇന്ത്യൻ മുന്‍ താരം ദിനേശ് കാര്‍ത്തിക്. കമന്‍റേറ്ററായി ഇംഗ്ലണ്ടിലുള്ള കാര്‍ത്തിക് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 2-2 സമനിലയാവുമെന്നായിരുന്നു ആദ്യമേ പ്രവചിച്ചത്.
ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈൻ പ്രവചിച്ചത് 3-1ന് ഇംഗ്ലണ്ട് പരമ്പര നേടുമെന്നായിരുന്നു. മുന്‍ നായകൻമാരായ അലിസ്റ്റര്‍ കുക്കും മൈക്കല്‍ വോണും ഇംഗ്ലണ്ട് 3-1ന് പരമ്പര ജയിക്കുമെന്ന് പ്രവചിച്ചു. ഇന്ന് ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കില്‍ മൂന്ന് പേരുടെയും പ്രവചനം യാഥാര്‍ത്ഥ്യമാകുമായിരുന്നു.
ഇംഗ്ലണ്ട് താരമായ ജോസ് ബട്‌ലറും മുന്‍ താരം ഗ്രെയിം സ്വാനും 4-1ന് ഇംഗ്ലണ്ട് പരമ്പര ജയിക്കുമെന്ന് പ്രവചിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിനിന്‍റെയും മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെയും പ്രവചനം 3-2ന് ഇംഗ്ലണ്ട് ജയിക്കുമെന്നായിരുന്നു. മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡാകട്ടെ ഒരു പടി കൂടി കടന്ന് 4-0ന് ഇംഗ്ലണ്ട് പരമ്പര ജയിക്കുമെന്നാണ് പ്രവചിച്ചത്.
ഇന്ത്യ പരമ്പര ജയിക്കുമെന്ന് പ്രവചിച്ചത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കായിരുന്നു. 3-2ന് ഇന്ത്യ പരമ്പര നേടുമെന്നായിരുന്നു ക്ലാര്‍ക്കിന്‍റെ പ്രവചനം. പരമ്പര സമനിലയായെങ്കിലും ഈ പ്രവചനങ്ങള്‍ക്കെല്ലാം സാധ്യതയുള്ള മത്സരങ്ങളായിരുന്നു കടുത്ത പോരാട്ടം കണ്ട അഞ്ച് മത്സര പരമ്പരയില്‍ കണ്ടത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളും അഞ്ചാം ദിനത്തിലേക്കും നാലു ടെസ്റ്റുകളും അവസാന സെഷനിലേക്കും നീണ്ടുവെന്നത് തന്നെ പരമ്പരയിലെ മത്സരച്ചൂടിന് ഉദാഹരണമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക