
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനെ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. പ്രധാനമായും ബൗളിംഗ് നിരയിലാണ് മാറ്റം പ്രതീക്ഷിക്കുന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച ജയദേവ് ഉനദ്ഘട്ടിന് പകരം പേസര്‍ മുകേഷ് കുമാര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുപോലെ ആദ്യ ടെസ്റ്റിലെ പിച്ച് സ്പിന്നര്‍മാരെ തുണച്ചതിനാല്‍ രണ്ടാം ടെസ്റ്റില്‍ ശാര്‍ദ്ദുല്‍ താക്കൂറിന് പകരം അക്സര്‍ പട്ടേല്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കുമെന്നും സൂചനകളുണ്ട്.
എന്നാല്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റങ്ങളൊന്നും വരുത്താല്‍ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും തയാറാവില്ലെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ താരം കൂടിയായ ദിനേശ് കാര്‍ത്തിക്. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തില്ല. ആദ്യ ടെസ്റ്റില്‍ കളിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്താനാണ് എല്ലാ സാധ്യതയും. അല്ലെങ്കില്‍ നിര്‍ബന്ധിത മാറ്റങ്ങള്‍ എന്തെങ്കിലും ആവശ്യമായി വരണം. നിലവിലെ സാഹചര്യത്തില്‍ അതിന്‍റെ ആവശ്യമില്ല. ബാറ്റിംഗില്‍ യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഫോമിലാണ്. ബൗളിംഗില്‍ അശ്വിനും ജഡേജയും എതിരാളികളെ വട്ടം കറക്കുന്നു. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.
അവസരം കിട്ടിയാല്‍ അടിച്ചു തകര്‍ത്തോ, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്ക് രോഹിത്തിന്‍റെ ഉപദേശം
അഞ്ച് ദിവസത്തെ വിശ്രമത്തിനുശേഷമാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. അതുകൊണ്ട് പരിക്കിന്‍റെ ആശങ്കകളുമില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങളില്‍ ആഘോഷിക്കാനുള്ളത് ബീച്ചുകളാണ്. മൂന്ന് ദിവസത്തെ ആഘോഷത്തിനുശേഷം അവര്‍ വീണ്ടും കഠിന പരിശീലനം നടത്തിയാണ് ഇറങ്ങുന്നത്. ഇന്ത്യക്കെതിരെ ടെസ്റ്റ് ജയിക്കാന്‍ ആദ്യം മാനസികമായ തടസം വിന്‍ഡീസ് മറികടക്കണമെന്നും കാര്‍ത്തിക് പറഞ്ഞു. 2002നുശേഷം വിന്‍ഡീസ് ഇന്ത്യക്കെതിരെ ടെസ്റ്റ് ജയിച്ചിട്ടില്ല. ഇന്ത്യക്കെതിരെ പേസ് ആക്രമണം ശക്തിപ്പെടുത്താന്‍ ഷാരോണ്‍ ഗബ്രിയേലിനെയോ കിര്‍ക് മക്കെന്‍സിയെയോ വിന്‍ഡീസ് ഇലവനില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും കാര്‍ത്തിക് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!