
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ഉപദേശവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അവസരം കിട്ടിയാല്‍ തകര്‍ത്തടിക്കാന്‍ കിഷനോട് പറഞ്ഞിട്ടുണ്ടെന്ന് രോഹിത് മത്സരത്തലേന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇഷാന്‍ കിഷനില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കൃത്യമായി പറഞ്ഞു കൊടുത്തിട്ടുണ്ട്. ആക്രമിച്ചു കളിക്കുന്ന പ്രതിഭയുള്ള ബാറ്ററാണെന്ന് കിട്ടിയ അവസരങ്ങളിലെല്ലാം അവന്‍ തെളിയിച്ചുണ്ട്. ഏകദിനത്തില്‍ അവന്‍ ഡബിള്‍ സെഞ്ചുറിയും നേടിയിട്ടുണ്ട്. അവന്‍റെ പ്രതിഭ തേച്ചുമിനുക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടേതാണ്. ഇടം കൈയന്‍ ബാറ്ററാണെന്നതും ആക്രമിച്ചു കളിക്കുന്ന ബാറ്ററാണെന്നതും അധിക ആനുകൂല്യമാണ്. അതുകൊണ്ടുതന്നെ അവനില്‍ നിന്ന് എന്താണ് ടീം പ്രതീക്ഷിക്കുന്നതെന്ന് ഞാനവനോട് വിശദീകരിച്ചുകൊടുത്തിട്ടുണ്ട്.
ആക്രമിച്ചു കളിക്കാനുള്ള സ്വാതന്ത്ര്യം ടീം മാനേജ്മെന്‍റ് അവന് നല്‍കിയിട്ടുണ്ട്. അവന് ആക്രമിച്ചു കളിക്കാനുള്ള കഴിവുണ്ട്. അതിനുള്ള സ്വാതന്ത്ര്യവും. ആദ്യ മത്സരത്തില്‍ അവന് ബാറ്റ് ചെയ്യാന്‍ അധികം സമയം ലഭിച്ചില്ല. ഒരു റണ്ണെടുത്തപ്പോഴേക്കും ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യേണ്ടിവന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ടോപ് ഓര്‍ഡര്‍ മികവ് കാട്ടണമെന്നുമാണ് ഞാന്‍ കരുതുന്നത്. എങ്കിലും ബാറ്റിംഗിന് അവസരം കിട്ടിയാല്‍ അവന് അടിച്ചു തകര്‍ക്കാം.
ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പിംഗില്‍ അവന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രത്യേകിച്ച് ആദ്യ ടെസ്റ്റ് കളിക്കുന്ന ഒരു താരത്തിന് അശ്വിന്‍റെയും ജഡേജയുടെയും പന്തുകള്‍ അതും അപ്രതീക്ഷിത ബൗണ്‍സും ടേണുമുള്ള പിച്ചുകളില്‍ കീപ്പ് ചെയ്യുക എന്നത് എളുപ്പമല്ല. പക്ഷെ അവന്‍റെ കഴിവുകൊണ്ട് കീപ്പിംഗില്‍ അവന്‍ വിജയിച്ചു. ഇനി ബാറ്റിംഗിലാണ് അവന്‍ കഴിവ് തെളിയിക്കേണ്ടത്. അതിനുള്ള അവസരം കിട്ടിയാല്‍ അവന് അടിച്ചു തകര്‍ക്കുമെന്നും രോഹിത് പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളിച്ച ശ്രീകര്‍ ഭരതിന് പകരമാണ് വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇഷാന്‍ കിഷന് അവസരം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!