കൊല്‍ക്കത്ത ടീമിന് റസലിന്റെ വിമര്‍ശനം; എല്ലാം ഒത്തുതീര്‍പ്പാക്കിയെന്ന് ദിനേശ് കാര്‍ത്തിക്

By Web TeamFirst Published Jul 27, 2020, 8:44 PM IST
Highlights

റസലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞു തീര്‍ത്തുവെന്ന് കാര്‍ത്തിക് പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ മുഖം നോക്കാതെ എന്തും വിളിച്ചുപറയുന്ന കളിക്കാരനാണ് റസല്‍. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ പൊതുസ്വഭാവവും അതാണ്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രകടനത്തെക്കുറിച്ച് ആന്ദ്രെ റസല്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്. റസലുമായി സംസാരിച്ചിരുന്നുവെന്നും പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ത്തുവെന്നും കാര്‍ത്തിക് യൂട്യൂബിലെ ആര്‍ കെ ഷോയില്‍ വ്യക്തമാക്കി. കഴിഞ്ഞ ഐപില്‍ സീസണിലെ ടീമിന്റെ മോശം തീരുമാനങ്ങള്‍ക്കെതിരെ റസല്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ടീമിനക്ക് ആരോഗ്യകരമായ അന്തരീക്ഷമുണ്ടായിരുന്നില്ലെന്നും ഇതാണ് കഴിഞ്ഞ സീസണില്‍ തിരിച്ചടിയായതെന്നും റസല്‍ആരോപിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാവാതിരുന്ന കൊല്‍ക്കത്ത അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.

റസലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞു തീര്‍ത്തുവെന്ന് കാര്‍ത്തിക് പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ മുഖം നോക്കാതെ എന്തും വിളിച്ചുപറയുന്ന കളിക്കാരനാണ് റസല്‍. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ പൊതുസ്വഭാവവും അതാണ്. പക്ഷെ അവര്‍ പറയുന്നതൊക്കെ സത്യസന്ധമായിരിക്കും. അത് നിങ്ങള്‍ എങ്ങനെ എടുക്കുന്നു എന്നത് മാത്രമാണ് വിഷയം. അതിനെ ശത്രുതാപരമായി എടുത്താല്‍ അത് നിങ്ങളുടെ തെറ്റാണ്. എന്നാല്‍ ക്രിയാത്മകമായി എടുത്താല്‍ അതുകൊണ്ട് ടീമിന് ഗുണമുണ്ടാകുകയും ചെയ്യും.

റസലിന്റെ വിമര്‍ശനങ്ങളെ ക്രിയാത്മകമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. റസലുമായി നേരിട്ട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ എന്റെ കാര്യത്തിലും സംതൃപ്തിയില്ലായിരുന്നു. ടീമിന് ജയിക്കാനാവാത്തിലും അദ്ദേഹം അസന്തുഷ്ടനായിരുന്നു. അതാണ് അടിസ്ഥാനകാരണം. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതിനെയെല്ലാം ഞാന്‍ മാനിക്കുന്നു. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹത്തിന് ദു:ഖമുണ്ടായിരുന്നതായി തോന്നി. അദ്ദേഹവുമായി എനിക്ക് മികച്ച ബന്ധമാണുള്ളത്. ഇല്ലായിരുന്നെങ്കില്‍ ഈ വിഷയം വേറെ തലത്തിലേക്ക് പോയെനെയെന്നും കാര്‍ത്തിക് പറഞ്ഞു.

അദ്ദേഹം പറഞ്ഞതിനോടായിരുന്നില്ല എതിര്‍പ്പ്. പറഞ്ഞ രീതിയോടായിരുന്നു. അത് അദ്ദേഹത്തോട് നേരിട്ട് പറയുകയും ചെയ്തു. കാരണം ഞാനും അദ്ദേഹവുമായുള്ള ബന്ധം അങ്ങനെയുള്ളതാണ്. ടീമിന്റെ നായകനെന്ന നിലയില്‍ എനിക്ക് താങ്കളെ പൂര്‍മായും തൃപ്തിപ്പെടുത്താനാവില്ലെന്നും എന്നാല്‍ കാര്യങ്ങള്‍ മാറ്റം വരുത്താമെന്നും അദ്ദേഹത്തോട് പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യുക എന്നതാണ് കാര്യം. ചിലപ്പോള്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ച് അതിനെ നേരിടേണ്ടിവരും. പക്ഷെ എങ്ങനെയായും അത് ചര്‍ച്ച ചെയ്യുക എന്നതാണ് പ്രധാനമെന്നും കാര്‍ത്തിക് പറഞ്ഞു.

click me!