
ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ സായ് സുദര്‍ശന്റെ അരങ്ങേറ്റം നിരാശയോടെ. മൂന്നാമനായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ നേരിട്ട നാലാം പന്തില്‍ പൂജ്യത്തിന് പുറത്തായി. സായ് സുദര്‍ശന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ ഇന്നിംഗ്‌സിന് ഇറങ്ങിയത് ഓപ്പണര്‍ കെ എല്‍ രാഹുല്‍ പുറത്തായപ്പോള്‍. ലീഡ്‌സിലെ പിച്ചില്‍ ഇരുപത്തിമൂന്നുകാരനെ കാത്തിരുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഇംഗ്ലീഷ് ടെസ്റ്റ്. ബെന്‍ സ്റ്റോക്‌സിന്റെ ആദ്യമൂന്ന് പന്തില്‍ രണ്ടിലും അപ്പീല്‍. നാലാം പന്തില്‍ സായ് സുദര്‍ശന്റെ ആദ്യ ഇന്നിംഗ്‌സിന് അവസാനം.
അരങ്ങേറ്റ മത്സരത്തിന്റെ സമ്മര്‍ദത്തില്‍ നഷ്ടമായ വിക്കറ്റെന്ന് സുനില്‍ ഗാവസ്‌കറും ചേതേശ്വര്‍ പുജാരയും കമന്ററിക്കിടെ പറഞ്ഞു. ഇന്ത്യയുടെ 317-ാം ടെസ്റ്റ് താരമായി സായ് സുദര്‍ശന് ക്യാപ് നല്‍കിയത് ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ജൂണ്‍ 20ന് തന്നെയാണ് സായ് സുദര്‍ശന്റേയും തുടക്കം. ടെസ്റ്റ് അരങ്ങേറ്റത്തില്‍ പൂജ്യത്തിന് പുറത്താവുന്ന 30-ാം ഇന്ത്യന്‍ താരമാണ് സായ് സുദര്‍ശന്‍. ഏക്‌നാഥ് സോള്‍കര്‍, ഗുണ്ടപ്പ വിശ്വനാഥ്, കെ ശ്രീകാന്ത്, റോബിന്‍ സിംഗ്, പാര്‍ഥിവ് പട്ടേല്‍ തുടങ്ങിയവരുടെ പട്ടികയിലാണ് ആദ്യ ഇന്നിംഗ്‌സിലൂടെ സായ്‌സുദര്‍ശന്‍ ഇടംപിടിച്ചത്.
അതേസമയം, ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി ഇരുപത്തിയഞ്ചുകാരനായ ശുഭ്മാന്‍ ഗില്‍. വിജയ് ഹസാരെ, സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെംഗ്‌സാര്‍ക്കര്‍, വിരാട് കോലി എന്നിവരാണ് ഗില്ലിന് മുന്‍പ് ഈനേട്ടം കൈവരിച്ചവര്‍. ക്ഷമയും ക്ലാസും ഒത്തുചേര്‍ന്ന ഗില്ലിന്റെ ഇന്നിംഗ്‌സില്‍ പിറന്നത് മനോഹര ഷോട്ടുകള്‍. യശസ്വി ജയ്‌സ്വാളിനൊപ്പം മൂന്നാം വിക്കറ്റില്‍ നിര്‍ണായകമായ 129 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഗില്‍ ഇംഗ്ലീഷ് പേസര്‍മാരുടെ പതിവ് കെണിയിലേക്ക് ബാറ്റുവയ്ക്കാന്‍ തയ്യാറായില്ല. മുപ്പത്തിമൂന്നാം ടെസ്റ്റിനിറങ്ങിയ ഗില്ലിന്റെ ആറാം സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേയും.
ഏകദിനത്തില്‍ എട്ടും ട്വന്റി 20യില്‍ ഒരു സെഞ്ച്വറിയും നേടിയിട്ടുള്ള ഗില്ലിന് ഇരുപത്തിയഞ്ച് വയസ്സിനിടെ ആകെ പതിനഞ്ച് സെഞ്ച്വറിയായി. ഇന്ത്യയിലെ ബാറ്റിംഗ് മികവ് വിദേശത്തില്ലെന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഇംഗ്ലണ്ടില്‍ എത്തിയ ഗില്ലിന് ഇതിനേക്കാള്‍ നല്ലൊരു മറുപടി നല്‍കാനില്ല. ഒരു സിക്‌സും 16 ഫോറും ഉള്‍പ്പെടുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്.