സെഞ്ചുറികളുമായി ജയ്സ്വാളും ഗില്ലും, അര്‍ധസെഞ്ചുറിയുമായി റിഷഭ് പന്ത്; ലീഡ്സില്‍ ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം

Published : Jun 20, 2025, 11:10 PM ISTUpdated : Jun 20, 2025, 11:13 PM IST
Yashasvi Jaiswal-Shubman Gill

Synopsis

ലഞ്ചിനുശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കരകയറ്റി. മൂന്നാം വിക്കറ്റില്‍ 123 റണ്‍സടിച്ചശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന്‍റെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറികളുടെ കരുത്തില്‍ ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന ശക്തമായ നിലയിലാണ്. 127 റണ്‍സുമായി ഗില്ലും 65 റണ്‍സുമായി റിഷഭ് പന്തും ക്രീസില്‍.പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗില്ലും പന്തും ചേര്‍ന്ന് 138 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 101 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും 42 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും അരങ്ങേറ്റക്കാരൻ സായ് സുദര്‍ശന്‍റെയും(0) വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റെടുത്തു.

തന്ത്രം പാളി ഇംഗ്ലണ്ട്, അവസരം മുതലെടുത്ത് ഇന്ത്യ

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുമ്പോള്‍ ആദ്യ ദിനത്തിലെ ബൗളിംഗ് അനുകൂല സാഹചര്യം മുതലെടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍ നല്ല വെയിലുണ്ടായിരുന്ന ആദ്യ ദിനം പന്തില്‍ പ്രതിക്ഷിച്ച സ്വിംഗ് ലഭിക്കാതിരുന്നതോടെ ഇംഗ്ലണ്ടിന്‍റെ തന്ത്രം പാളി. ഫുള്‍ ബോളുകളെറിഞ്ഞ് ഇന്ത്യൻ ഓപ്പണര്‍മാരെ പ്രലോഭിപ്പിക്കാനുള്ള ഇംഗ്ലണ്ടിന്‍രെ തന്ത്രവും പാളി. ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും ചേര്‍ന്ന് 91 റണ്‍സടിച്ചു.

 

നിലയുറപ്പിച്ചെന്ന് കരുതിയ രാഹുല്‍ ലഞ്ചിന് തൊട്ടു മുമ്പ് ഓഫ് സ്റ്റംപിലെ പ്രലോഭനത്തില്‍ വീണു. 42 റണ്‍സെടുത്ത രാഹുലിനെ ബ്രെയ്ഡന്‍ കാര്‍സാണ് മടക്കിയത്. പിന്നാലെ സായ് സുദര്‍ശനെ വിക്കറ്റിന് പിന്നില്‍ ജാമി സ്മിത്തിന്‍റെ കൈകളിലെത്തിച്ച ബെന്‍ സ്റ്റോക്സ് ഇരട്ടപ്രഹരമേല്‍പ്പിച്ച് ഇന്ത്യയെ ഞെട്ടിച്ചു. അരങ്ങേറ്റ ടെസ്റ്റില്‍ പൂജ്യനായിട്ടായിരുന്നു സുദര്‍ശന്‍റെ മടക്കം.

തിരിച്ചുവരവ്

എന്നാല്‍ ലഞ്ചിനുശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കരകയറ്റി. മൂന്നാം വിക്കറ്റില്‍ 123 റണ്‍സടിച്ചശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതിനിടെ 144 പന്തില്‍ ഇംഗ്ലണ്ടിലെ തന്‍റ ആദ്യ സെഞ്ചുറി യശസ്വി പൂര്‍ത്തിയാക്കി. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റൺസന്ന ശക്തമായ നിലയിലായിരുന്നു. ചായക്കുശേഷമുള്ള രണ്ടാം ഓവറില്‍ സ്റ്റോക്സ് ജയ്സ്വാളിനെ(101) വീഴ്ത്തി വീണ്ടും ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ ആശ്വാസം അവിടെ തീര്‍ന്നു. നാലാം വിക്കറ്റില്‍ റിഷഭ് പന്തും ഗില്ലും ചേര്‍ന്ന് മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരുത്തുറ്റ നിലയിലെത്തിച്ചു.

 

ഷൊയ്ബ് ബഷീറിനെ സിക്സിന് തൂക്കി റിഷഭ് പന്ത് ഇന്ത്യയെ 300 കടത്തിയപ്പോള്‍ 140 പന്തില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ വിദേശത്തെ തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തി. ക്യാപ്റ്റൻസി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി തികച്ച ഗില്‍ ഇന്ത്യയെ സുരക്ഷിത സ്കോറിലേക്ക് നയിച്ചപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ന്യൂബോള്‍ എടുത്തതിന് പിന്നാലെ ക്രിസ് വോക്സിനെ ബൗണ്ടറി കടത്തിയ റിഷഭ് പന്ത് 91 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ന്യൂബോളിലും ഇംഗ്ലണ്ടിന്  വിക്കറ്റ് സമ്മാനിക്കാതെ ഗില്ലും പന്തും ചേര്‍ന്ന് ഇന്ത്യയെ 359 റണ്‍സിലെത്തിച്ചു. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന റിഷഭ് പന്തിന്‍റെ ഗംഭീര തിരിച്ചുവരവ് കൂടിയാണിത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്