ഹര്‍ഷിത് റാണ ആയിരുന്നില്ല ഇന്ത്യൻ ടീമിലെത്തേണ്ടിയിരുന്നത്, ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം

Published : Jun 18, 2025, 01:44 PM IST
Harshit Rana

Synopsis

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ എ ടീമിനായി രണ്ട് മത്സരങ്ങളിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ അന്‍ഷുല്‍ കാംബോജിന് പകരം ഹര്‍ഷിതിനെ നിലനിര്‍ത്തിയ ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനമാണ് ദൊഡ്ഡ ഗണേഷിനെ ചൊടിപ്പിച്ചത്.

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം ദൊഡ്ഡ ഗണേഷ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ടീമിലെ ചില പേസര്‍മാര്‍ക്ക് ഫിറ്റ്നെസ് പ്രശ്നം ഉള്ളതുകൊണ്ട് എ ടീമിന്‍റെ ഭാഗമായിരുന്ന ഹര്‍ഷിതിനോട് ഇംഗ്ലണ്ടില്‍ തുടരാന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആവശ്യപ്പെടുകയായിരുന്നു.

ഔദ്യോഗികമായി ടീമിന്‍റെ ഭാഗമല്ലെങ്കിലും കവര്‍ എന്ന രീതിയിലാണ് ഹര്‍ഷിത് റാണ ഇംഗ്ലണ്ടില്‍ തുടരുന്നത്. എന്നാല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ എ ടീമിനായി രണ്ട് മത്സരങ്ങളിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ അന്‍ഷുല്‍ കാംബോജിന് പകരം ഹര്‍ഷിതിനെ നിലനിര്‍ത്തിയ ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനമാണ് ദൊഡ്ഡ ഗണേഷിനെ ചൊടിപ്പിച്ചത്. കോച്ച് ഗൗതം ഗംഭീറിന്‍റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഹര്‍ഷിത് റാണ ഇന്ത്യൻ സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ തുടരുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹര്‍ഷിതിനോട് എന്തിനാണ് ഇത്ര സ്നേഹമെന്നും അന്‍ഷുല്‍ കാംബോജ് ആയിരുന്നു ഇംഗ്ലണ്ടില്‍ ഇന്ത്യൻ ടീമിനൊപ്പം തുടരേണ്ടിയിരുന്നതെന്നും ദൊഡ്ഡ ഗണേഷ് എക്സ് പോസ്റ്റില്‍ പറ‍ഞ്ഞു.

ഇന്ത്യ എ ടീമിന്‍റെ ഭാഗമായിരുന്ന താരങ്ങളെല്ലാം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റ് പരമ്പരയും ഇന്‍ട്രാ സ്ക്വാഡ് മാച്ചും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് ഹര്‍ഷിതിനോട് ഇംഗ്ലണ്ടില്‍ തുടരാന്‍ ആവശ്യപ്പെട്ടത്. ഇംഗ്ലണ്ട് ലയൺസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എക്കായി ഒരു മത്സരത്തില്‍ മാത്രം കളിച്ച ഹര്‍ഷിത് റാണക്ക് 99 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താനെ കഴിഞ്ഞിരുന്നുള്ളു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ 16 റണ്‍സും നേടി.

2024ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി തിളങ്ങിയതോടെയാണ് ഹര്‍ഷിത് റാണ ഇന്ത്യൻ ടീമിലെത്തിയത്. കൊല്‍ക്കത്തയുടെ മെന്‍ററായിരുന്ന ഗൗതം ഗംഭീര്‍ ഇന്ത്യൻ പരിശീലകനായത് റാണക്ക് ടീമിലേക്കുള്ള വഴി അനായാസമാക്കി. ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ അരങ്ങേറിയ റാണ പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ കളിച്ചെങ്കിലും നാലു വിക്കറ്റ് മാത്രമെ നേടാനായിരുന്നള്ളു. ഇത്തവണ ഐപിഎല്ലില്‍ തിളങ്ങാനാവാഞ്ഞതോടെ റാണയെ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലും കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും തിളങ്ങിയതോടെയാണ് അന്‍ഷുല്‍ കാംബോജിനെ എ ടീമിലുള്‍പ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല