ഇതിന് പുറമെ 7 കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കിയിരുന്ന 'എ പ്ലസ്' വിഭാഗം ഇത്തവണ പൂര്‍ണമായും ഒഴിവാക്കി.
മുംബൈ: വമ്പൻ മാറ്റങ്ങളോടെ അടുത്ത വര്‍ഷത്തേക്കുള്ള ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച് ബിസിസിഐ. ആകെ 30 പുരുഷ താരങ്ങള്‍ക്കും 21 വനിതാ താരങ്ങളെയുമാണ് ഇത്തവണ വാര്‍ഷക കരാറില്‍ ഉള്‍പ്പെടുത്തിയത്. സൂപ്പർ താരങ്ങളായ വിരാട് കോലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയപ്പോള്‍ ലോകകപ്പ് ടീമിലെ ഓപ്പണറായ ഇഷാന്‍ കിഷനെ വാര്‍ഷിക കരാറില്‍ നിന്ന് വീണ്ടും തഴഞ്ഞു. ഇതിന് പുറമെ 7 കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കിയിരുന്ന 'എ പ്ലസ്' വിഭാഗം ഇത്തവണ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു.
ടെസ്റ്റ്, ടി20 ക്രിക്കറ്റുകളിൽ നിന്നുള്ള വിരമിക്കലാണ് മുൻ നായകൻമാരായ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും തിരിച്ചടിയായത്.നിലവിൽ ഏകദിനത്തിൽ മാത്രം കളിക്കുന്ന ഇരുവരെയും ഗ്രേഡ് ബി-യിലേക്കാണ് മാറ്റിയത്. ടി20 നായകൻ സൂര്യകുമാർ യാദവും ബി ഗ്രേഡിലാണ് ഇടംപിടിച്ചത്.
ശുഭ്മൻ ഗിൽ (ടെസ്റ്റ്, ഏകദിന നായകൻ),ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണ് എ ഗ്രേഡിലുള്ളത്. എന്നാല്‍ എ ഗ്രേഡുകാരുടെ വാര്‍ഷിക പ്രതഫിലം എത്രയാണെന്ന് ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ജഡേജ ടി20യിൽ നിന്ന് വിരമിച്ചിട്ടും എ ഗ്രേഡില്‍ നിലനിര്‍ത്തിയതും ശ്രദ്ധേയമാണ്.
മലയാളി താരം സഞ്ജു സാംസൺ ഗ്രേഡ് സി-യിൽ തുടരും. യുവതാരങ്ങളായ അഭിഷേക് ശർമ്മ, തിലക് വർമ്മ, റിങ്കു സിംഗ് എന്നിവരും സഞ്ജുവിനൊപ്പം ഗ്രേഡ് സി-യിലുണ്ട്. അതേസമയം, പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കുന്ന പേസർ മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, സർഫറാസ് ഖാൻ എന്നിവര്‍ക്ക് ഇത്തവണ വാര്‍ഷിത കരാറില്ല. ആകെ 30 പുരുഷ താരങ്ങൾക്കാണ് ഇത്തവണ കരാർ ലഭിച്ചത്.
വനിതാ ക്രിക്കറ്റിലും മാറ്റങ്ങൾ
വനിതാ താരങ്ങളുടെ കരാറിലും ബിസിസിഐ മാറ്റം വരുത്തി. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവർ എ ഗ്രേഡിൽ തുടരുമ്പോൾ, ജെമീമ റോഡ്രിഗസിനെ ബി-യിൽ നിന്ന് എ ഗ്രേഡിലേക്ക് ഉയർത്തി. കഴിഞ്ഞ തവണ സി ഗ്രേഡിലുണ്ടായിരുന്ന മലയാളി താരം മിന്നുമണിക്ക് ഇത്തവണയും കരാർ പട്ടികയിൽ ഇടംപിടിക്കാനായില്ല. കൂടാതെ പൂജ വസ്ത്രാക്കർ, ശ്രേയങ്ക പാട്ടീൽ, ടിറ്റാസ് സാധു തുടങ്ങിയ പ്രമുഖ താരങ്ങളും ഇത്തവണ കരാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്.
പുരുഷ ടീമിനുള്ള വാര്‍ഷിക കരാര്‍
ഗ്രേഡ് എ-ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
ഗ്രേഡ് ബി-രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, സിറാജ്, വാഷിംഗ്ടൺ സുന്ദർ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ.
ഗ്രേഡ് സി- സഞ്ജു സാംസൺ, അക്സർ പട്ടേൽ, തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, അർഷ്ദീപ് സിംഗ്, പ്രസീദ്ധ് കൃഷ്ണ.
വനിതാ താരങ്ങളുടെ വാര്‍ഷി കരാര്‍
ഗ്രേഡ്-എ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ.
ഗ്രേഡ് ബി-രേണുക താക്കൂർ, ഷഫാലി വർമ്മ, റിച്ച ഘോഷ്, സ്നേഹ് റാണ.
ഗ്രേഡ് സി-രാധാ യാദവ്, അമൻജോത് കൗർ, യാസ്തിക ഭാട്ടിയ, ഹർലീൻ ഡിയോൾ,പ്രതിക റാവൽ, ക്രാന്തി ഗൗഡ്, ശ്രീ ചരിണി,കഷ്‌വി ഗൗതം, ജി കമാലിനി, വൈഷ്ണവി ശര്‍മ, തേജാല്‍ ഹസ്ബനിസ്.
