
അഹമ്മദാബാദ്: ടി20 ലോകകപ്പിന്‍റെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ പരിശീലകന്‍ ഷുക്രി കൊണാര്‍ഡ്. ഒരു ലക്ഷത്തിലധികം കാണികൾക്ക് നടുവില്‍ ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം ഇന്ത്യക്കാകുമെന്നും അത് തങ്ങൾക്ക് അനുകൂലമാകുമെന്നും ദക്ഷിണാഫ്രിക്കൻ പരിശീലകൻ കോൺറാഡ് പറഞ്ഞു.
ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെപ്പോലൊരു ടീം എപ്പോഴും ആരാധകരുടെ സൂക്ഷമ നിരീക്ഷണത്തിലാണ്. സെമി ഫൈനലിലും ഫൈനലിലും എത്തണമെന്ന വലിയ പ്രതീക്ഷകൾ അവർക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആ സമ്മർദ്ദത്തിൽ അവർ അടിപതറുന്ന സാഹചര്യം സൃഷ്ടിക്കാനാണ് അഹമ്മദാബാദില്‍ ഞങ്ങൾ ശ്രമിക്കുക.
1,30,000 കാണികൾ തിങ്ങിനിറയുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഗാലറി ഇന്ത്യക്കായി ആർപ്പുവിളിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാകില്ലേ എന്ന ചോദ്യത്തിനും കൊണാര്‍ഡ് മറുപടി നൽകി. സമ്മർദ്ദം രണ്ട് ടീമുകൾക്കും ഒരുപോലെയാണ്. അവരുടെ ടീമില്‍ മൂന്ന് ഡക്ക് അടിച്ച താരം ഞങ്ങളെക്കാള്‍ കടുത്ത സമ്മര്‍ദ്ദത്തിലാകും നാളെ ഇറങ്ങുക. കാരണം, ടീമിലെ സ്ഥാനം സംരക്ഷിക്കണമെങ്കില്‍ അവന് മികച്ച പ്രകടനം കൂടിയെ തീരു. അതുപോലെ ഒരു മികച്ച ടീമിനെതിരെ കളിക്കുമ്പോൾ ഞങ്ങൾക്കും സമ്മർദ്ദമുണ്ട്, പക്ഷെ ഇന്ത്യൻ ടീം അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അധികമാരും ചിന്തിക്കുന്നില്ല. കഴിഞ്ഞ വർഷം ഇന്ത്യയിൽ പര്യടനം നടത്തിയ അനുഭവം ദക്ഷിണാഫ്രിക്കയ്ക്കുണ്ടെന്നും അഹമ്മദാബാദിലെ സാഹചര്യങ്ങൾ തങ്ങൾക്ക് പരിചിതമാണെന്നും കൊണാര്‍ഡ് കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സൂപ്പർ 8-ലേക്ക് എത്തുന്നത്. എന്നാൽ സൂപ്പർ 8-ൽ ഇന്ത്യ നേരിടുന്നത് ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നീ കരുത്തരെയാണ്. ഈ മൂന്ന് ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളിൽ നാല് മത്സരങ്ങളും ജയിച്ച് അപരാജിതരായാണ് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അടുത്ത കാലത്തായി മോശം ഫോമിലുള്ള ഓപ്പണർ അഭിഷേക് ശർമ്മയുടെ പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേക് വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!