നീയെന്നെ വിഡ്ഢിയാക്കാൻ ശ്രമിക്കരുത്; ധോണിയുടെ കലിപ്പൻ വാക്കുകൾ മുന്നിൽ അന്നെനിക്ക് ഉത്തരമുണ്ടായിരുന്നില്ല: ഷമി

By Web TeamFirst Published May 10, 2020, 8:18 PM IST
Highlights

ഒരിക്കൽ ധോണി എന്റെയടുത്ത് കടുത്ത ഭാഷയിൽ സംസാരിച്ചു. സംഭവം വ്യക്തമാക്കി ഷമി...

കൊല്‍ക്കത്ത: പൊതുവെ ശാന്തനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റൻ എം എസ് ധോണി. അപൂർവങ്ങളിൽ അപൂർവമായിട്ടെ ധോണി ഗ്രൗണ്ടിൽ ദേഷ്യപ്പെട്ടതായി കണ്ടിട്ടുള്ളൂ. അതെല്ലാം സഹതാരങ്ങൾ വരുത്തിയ ഗുരുതരമായ പിഴവുകൊണ്ടായിരുന്നു. അത്തരമൊരു അനുഭവം ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ധോണിയിൽ നിന്നുണ്ടായി. അക്കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് ഷമി. രഞ്ജി ട്രോഫിയിൽ സഹതാരമായ മനോജ് തിവാരിയുമായി ഇൻസ്റ്റഗ്രാമിൽ സംസാരിക്കുകയായിരുന്നു ഷമി. മുൻപ് ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടുള്ള താരം കൂടിയാണ് തിവാരി.

2014ലെ ന്യൂസിലൻഡ് പര്യടനത്തിലെ വെല്ലിംഗ്ടൺ ടെസ്റ്റിലാണ് സംഭവം. ധോണി എപ്പോഴെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു തിവാരിയുടെ ചോദ്യം. ഷമി വിവരിക്കുന്നതിങ്ങനെ... " കിവീസ് വിക്കറ്റ് കീപ്പർ ബ്രണ്ടൻ മക്കല്ലം രണ്ടാം ഇന്നിങ്സിൽ 302 റൺസെടുത്ത ടെസ്റ്റായിരുന്നു അത്. അന്ന് വെറും 14 റൺസെടുത്ത് നിൽക്കെ എന്റെ പന്തിൽ മക്കല്ലത്തിന്റെ ക്യാച്ച് വിരാട് കോലി കൈവിട്ടിരുന്നു. എന്നാലത് സാരമാക്കേണ്ടതില്ല, അധികം വൈകാതെ മക്കല്ലത്തെ പുറത്താക്കാൻ കഴിയുമെന്ന് എല്ലാവരും കരുതി. എന്നാൽ ആ ദിവസം സ്റ്റംപെടുക്കുമ്പോഴും മക്കല്ലം ക്രീസിലുണ്ടായിരുന്നു. കളി അവസാനിപ്പിക്കാറായപ്പോഴും അങ്ങനെ തന്നെ. ഞാൻ കോലിയോട് ചോദിച്ചു നീ എന്തിനാണ് ആ ക്യാച്ച് നഷ്ടപ്പെടുത്തിയതെന്ന്.

അടുത്ത ദിവസം മക്കല്ലം ട്രിപ്പിൾ പൂർത്തിയാക്കി. ഇതിനിടെ മറ്റൊരു ക്യാച്ച് കൂടി ഒരു ഇന്ത്യൻ താരം നഷ്ട്ടപ്പെടുത്തി. അതോടെ എന്റെ നിയന്ത്രണം വിട്ടു. ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പുള്ള ഓവർ എറിയാനെത്തിയത് ഞാനാണ്. ആ ഓവറിലെ അഞ്ചാം പന്ത് ഞാൻ ബൗൺസർ എറിഞ്ഞു. പന്ത് കുത്തി ഉയർന്ന് ധോണിയുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക്. 

ആ സെഷൻ കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് പോകുമ്പോൾ ധോണി എന്റെ അരികിലെത്തി. കടുപ്പിച്ചാണ് ധോണി സംസാരിച്ചത്. ക്യാച്ച് നഷ്ടപ്പെടുത്തിയതിൽ നീ അസ്വസ്ഥനാണെന്ന് എനിക്കറിയാം. എങ്കിലും ആ പന്ത് നന്നായി എറിയണമായിരുന്നെന്ന് ധോണി പറഞ്ഞു. അത് എന്റെ കയ്യിൽ നിന്ന് വഴുതിയതാണെന്ന് ഞാനൊരു കള്ളം പറഞ്ഞു. ധോണിക്ക് ഞാൻ പറഞ്ഞത് കള്ളമാണെന്ന് മനസിലായി. എന്നോട് കള്ളം പറയരുതെന്ന് അദ്ദേഹം പറഞ്ഞു. കുറേ താരങ്ങൾ വരുന്നതും പോകുന്നതും ഞാൻ കണ്ടിട്ടുണ്ടെന്നും നിങ്ങളുടെ ക്യാപ്റ്റനെ വിഡ്ഢിയാക്കാൻ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു.''ഷമി വിശദീകരിച്ചു.

Read more: ആദ്യ നാലില്‍ കോലിയും രോഹിത്തുമില്ല; മികച്ച ടി20 താരങ്ങളാരെന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

click me!