ദുലീപ് ട്രോഫി: ആയുഷ് ബദോനിക്ക് ഇരട്ട സെഞ്ചുറി; ഈസ്റ്റ് സോണ്‍ - നോര്‍ത്ത് സോണ്‍ മത്സരം സമനിലയില്‍

Published : Aug 31, 2025, 02:53 PM IST
Ayush Badoni

Synopsis

ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണ്‍ - നോര്‍ത്ത് സോണ്‍ മത്സരം സമനിലയില്‍ അവസാനിച്ചു.

ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണ്‍ - നോര്‍ത്ത് സോണ്‍ മത്സരം സമനിലയില്‍ അവസാനിച്ചു. നോര്‍ത്ത് സോണ്‍ നാലാം ദിനം നാലിന് 658 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. പിന്നാലെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരത്തില്‍ നോര്‍ത്ത് സോണിന് 833 റണ്‍സ് ലീഡായിരുന്നു. ആയുഷ് ബദോനി (204) ഇരട്ട സെഞ്ചുറി നേടി. അങ്കിത് കുമാര്‍ (198), യഷ് ദുള്‍ (133) എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു. മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ നോര്‍ത്ത് സോണ്‍ 405 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഈസ്റ്റ് സോണ്‍ 230ന് എല്ലാവരും പുറത്തായി.

രണ്ടിന് 388 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗിനെത്തിയ നോര്‍ത്ത് സോണിന് ഇന്ന് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. അങ്കിതിന് രണ്ട് റണ്‍സ് അകലെ ഇരട്ട സെഞ്ചുറി നഷ്ടമായി. 321 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 19 ഫോറും നേടി. നിശാന്ത് സിന്ധുവിന്റെ (68) വിക്കറ്റും ഇന്ന് നഷ്ടമായി. പിന്നീട് ബദോനി ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ നോര്‍ത്ത് സോണ്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. കന്നയ്യ വധാവന്‍ (23) പുറത്താവാതെ നിന്നു. യഷ് ദുള്‍, ശുഭം ഖജൂരിയ (21) എന്നിവരുടെ വിക്കറ്റുകള്‍ നോര്‍ത്ത് സോണിന് ഇന്നലെ നഷ്ടമായിരുന്നു. ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഷമി, മുകേഷ് കുമാര്‍ എന്നിവര്‍ക്ക് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല.

നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ആക്വിബ് നബി ദറാണ് ഈസ്റ്റ് സോണിനെ തകര്‍ത്തത്. 69 റണ്‍സ് നേടിയ വിരാട് സിംഗ് മാത്രമാണ് നോര്‍ത്ത് സോണ്‍ നിരയില്‍ പിടിച്ചുനിന്നത്. ഉത്കര്‍ഷ് സിംഗ് (38), റിയാന്‍ പരാഗ് (39) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഈസ്റ്റ് സോണിന് മോശം തുടക്കമായിരുന്നു. 66 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ശരണ്‍ദീപ് സിംഗ് (6), ശ്രിദം പോള്‍ (7), ഉത്കര്‍ഷ് സിംഗ് (38) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ രണ്ട് വിക്കറ്റുകളും ഹര്‍ഷിത് റാണയ്ക്കായിരുന്നു. ശരണ്‍ദീപിനെ, അര്‍ഷ്ദീപ് സിംഗ് ബൗള്‍ഡാക്കി.

തുടര്‍ന്ന് പരാഗ് - വിരാട് സിംഗ് സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ടീമിനെ രക്ഷപ്പെടുത്തുമെന്ന് തോന്നിച്ചെങ്കിലും പരാഗ് പുറത്തായി. പിന്നാലെ ടീം തകര്‍ച്ച നേരിട്ടു. കുമാര്‍ കുശാഗ്ര (29), സുരജ് സിന്ധു ജയ്‌സ്വാള്‍ (10), മനീഷി (0), മുഖ്താര്‍ ഹുസൈന്‍ (0), മുഹമ്മദ് ഷമി (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അക്വിബ് തുടര്‍ച്ചയായി നാല് പന്തുകളില്‍ ഹാട്രിക്ക് ഉള്‍പ്പെടെ നാല് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാര്‍ (6) പുറത്താവാതെ നിന്നു. 102 പന്തുകള്‍ നേരിട്ട വിരാട് സിംഗ് രണ്ട് സിക്‌സും ഏഴ് ഫോറും നേടി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും