തന്ത്രങ്ങള്‍ പിഴച്ച് രോഹിത്, കൈവിട്ട കളിയുമായി ഫീല്‍ഡര്‍മാര്‍; ഇന്ത്യന്‍ തോല്‍വിക്ക് ഇവ കാരണങ്ങള്‍

By Web TeamFirst Published Dec 4, 2022, 7:31 PM IST
Highlights

ഇന്ത്യയുടെ 186 റണ്‍സ് പിന്തുടരവെ 39.3 ഓവറില്‍ 136 റണ്‍സില്‍ വച്ച് ഒന്‍പത് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായിരുന്നു

ധാക്ക: ബംഗ്ലാദേശ് പോലൊരു ടീമിനോട് ആദ്യം ബാറ്റ് ചെയ്ത് 186 റണ്‍സില്‍ പുറത്താവുക, പിന്നാലെ ഗംഭീര ബൗളിംഗുമായി ബംഗ്ലാ കടുവകളെ വിറപ്പിക്കുക, എന്നാല്‍ ഒടുവില്‍ ഒരു വിക്കറ്റിന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങുക. ധാക്കയില്‍ ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ നാടകീയ തോല്‍വിയാണ് ടീം ഇന്ത്യ വഴങ്ങിയത്. ബൗളിംഗ് കരുത്തുകൊണ്ട് അനായാസം ജയിക്കുമെന്ന് തോന്നിച്ച മത്സരമാണ് ഇന്ത്യ അലസത കൊണ്ട് കൈവിട്ടത്. 

ഇന്ത്യയുടെ 186 റണ്‍സ് പിന്തുടരവെ 39.3 ഓവറില്‍ 136 റണ്‍സില്‍ വച്ച് ഒന്‍പത് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായിരുന്നു. ഈസമയം ഇന്ത്യ ജയമുറപ്പിച്ചതാണ്. എന്നാല്‍ ഷര്‍ദ്ദുല്‍ ഠാക്കൂറും ദീപക് ചാഹറും മുഹമ്മദ് സിറാജും കുല്‍ദീപ് സെന്നും മാറിമാറി പന്തെറിഞ്ഞിട്ടും അവസാന ബംഗ്ലാ വിക്കറ്റ് പിഴുതെടുക്കാനായില്ല. ഇതിനിടെ മെഹിദി ഹസന്‍റെ നിര്‍ണായകമായ ക്യാച്ച് കെ എല്‍ രാഹുല്‍ പാഴാക്കി. പിന്നാലെ ക്യാച്ചെടുക്കാനുള്ള ഒരു ശ്രമം ഇന്ത്യന്‍ ഫീല്‍ഡര്‍ നടത്താതിരിക്കുകയും ചെയ്തു. ഒന്നും ചെയ്യാനില്ലാതെ നിസ്സഹായനായി നോക്കിനില്‍ക്കാനേ തന്ത്രങ്ങളുടെ ആശാനെന്ന് വാഴ്‌ത്തപ്പെടുന്ന രോഹിത് ശര്‍മ്മയ്ക്കായുള്ളൂ. സിറാജിന്‍റെ ഓവറുകള്‍ പെട്ടെന്ന് തീര്‍ന്നതോടെ രോഹിത്തിന്‍റെ തന്ത്രങ്ങളെല്ലാം പിഴച്ചെന്ന് വ്യക്തം. 

ധാക്കയിലെ ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിന്‍റെ ജയമാണ് ബംഗ്ലാദേശ് നേടിയത്. 39 പന്തില്‍ 38* റണ്‍സുമായി മെഹിദി ഹസനും 11 പന്തില്‍ 10* റണ്‍സെടുത്ത് മുസ്‌താഫിസൂര്‍ റഹ്‌മാനും കടുവകള്‍ക്ക് 46 ഓവറില്‍ ത്രില്ലര്‍ ജയം സമ്മാനിച്ചു. ഇരുവരും 51 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. സിറാജ് മൂന്നും കുല്‍ദീപും വാഷിംഗ്‌ടണും രണ്ട് വീതവും ചാഹര്‍, ഷര്‍ദുല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തിയിട്ടും ഇന്ത്യക്ക് ജയമുറപ്പിക്കാനായില്ല. ലിറ്റണ്‍ ദാസ് 41നും ഷാക്കിബ് അല്‍ ഹസന്‍ 29നും പുറത്തായി. 

ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 41.2 ഓവറില്‍ വെറും 186 റണ്‍സില്‍ പുറത്തായിരുന്നു. അഞ്ച് വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസനും നാല് പേരെ മടക്കി എബാദത്ത് ഹൊസൈനും ഒരാളെ പുറത്താക്കി മെഹിദി ഹസനുമാണ് ഇന്ത്യയെ കുഞ്ഞന്‍ സ്കോറില്‍ തളച്ചത്. 70 പന്തില്‍ 73 റണ്‍സെടുത്ത ഉപനായകന്‍ കെ എല്‍ രാഹുല്‍ മാത്രമേ അര്‍ധ സെഞ്ചുറി പിന്നിട്ടുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 27ലും ശിഖര്‍ ധവാന്‍ ഏഴിലും വിരാട് കോലി ഒന്‍പതിലും ശ്രേയസ് അയ്യര്‍ 24ലും വാഷിംഗ്‌ടണ്‍ സുന്ദര്‍ 19ലും ഷഹ്‌ബാസ് അഹമ്മദ് പൂജ്യത്തിലും ഷര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ടിലും ദീപക് ചാഹര്‍ പൂജ്യത്തിലും മുഹമ്മദ് സിറാജ് 9ലും കുല്‍ദീപ് സെന്‍ രണ്ടിലും പുറത്തായി. 

ഷാക്കിബ് പറത്തിയടിക്കാന്‍ നോക്കി; ഒറ്റകൈയില്‍ പറന്ന് പിടിച്ച് കോലി- വീഡിയോ

click me!