തുടക്കത്തിലെ വിക്കറ്റ് നഷ്‌ടമായി പ്രതിരോധത്തിലായ ബംഗ്ലാദേശിനെ കരകയറ്റാനുള്ള ശ്രമങ്ങളിലായിരുന്നു ഷാക്കിബ് അല്‍ ഹസന്‍

ധാക്ക: ലോക ക്രിക്കറ്റില്‍ വിരാട് കോലിയുടെ ബാറ്റിംഗ് മികവിനൊപ്പം ഫീല്‍ഡിംഗ് മികവിലും വിമര്‍ശകര്‍ക്ക് പോലും സംശയം കാണില്ല. ഗ്രൗണ്ടിന്‍റെ ഏത് പൊസിഷനിലും ടീം ഇന്ത്യയുടെ വിശ്വസ്‌ത ഫീല്‍ഡറാണ് കോലി. ആ കോലിയുടെ മറ്റൊരു ഫീല്‍ഡിംഗ് മികവ് കണ്ടു ധാക്കയില്‍ ബംഗ്ലാദേശിന് എതിരായ ആദ്യ ഏകദിനത്തില്‍. ബംഗ്ലാ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കാനാണ് കോലി പറന്നത്. 

തുടക്കത്തിലെ വിക്കറ്റ് നഷ്‌ടമായി പ്രതിരോധത്തിലായ ബംഗ്ലാദേശിനെ കരകയറ്റാനുള്ള ശ്രമങ്ങളിലായിരുന്നു ഷാക്കിബ് അല്‍ ഹസന്‍. എന്നാല്‍ 38 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 29 റണ്‍സെടുത്ത് നില്‍ക്കേ ഷാക്കിബിന് പിഴച്ചു. സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറിനെ ഷാക്കിബ് ഡ്രൈവിന് ശ്രമിച്ചപ്പോള്‍ ബാറ്റിലുരസി ഉയര്‍ന്ന പന്തില്‍ ഒറ്റകൈ കൊണ്ട് പറക്കും ക്യാച്ചെടുക്കുകയായിരുന്നു കോലി. ഇതോടെ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിനൊപ്പമുള്ള ഷാക്കിബിന്‍റെ 48 റണ്‍സ് കൂട്ടുകെട്ട് അവസാനിച്ചു. 

Scroll to load tweet…

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 41.2 ഓവറില്‍ വെറും 186 റണ്‍സില്‍ പുറത്തായി. 70 പന്തില്‍ 73 റണ്‍സെടുത്ത ഉപനായകന്‍ കെ എല്‍ രാഹുല്‍ മാത്രമേ അര്‍ധ സെഞ്ചുറി പിന്നിട്ടുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 27ലും ശിഖര്‍ ധവാന്‍ ഏഴിലും വിരാട് കോലി ഒന്‍പതിലും ശ്രേയസ് അയ്യര്‍ 24ലും വാഷിംഗ്‌ടണ്‍ സുന്ദര്‍ 19ലും ഷഹ്‌ബാസ് അഹമ്മദ് പൂജ്യത്തിലും ഷര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ടിലും ദീപക് ചാഹര്‍ പൂജ്യത്തിലും മുഹമ്മദ് സിറാജ് 9ലും കുല്‍ദീപ് സെന്‍ രണ്ടിലും പുറത്തായി. ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍ അഞ്ചും എബാദത്ത് ഹൊസൈന്‍ നാലും മെഹിദി ഹസന്‍ ഒന്നും വിക്കറ്റ് വീഴ്‌ത്തി. 

ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ്; റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ഷാക്കിബ് അല്‍ ഹസന്‍