
ദില്ലി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനം അപ്രതീക്ഷിത ചെറുത്തുനില്‍പ്പുമായി ആദ്യം ഞെട്ടിച്ചത് വിന്‍ഡീസ് ഓപ്പണര്‍ ജോണ്‍ കാംബെല്ലും ഷായ് ഹോപ്പുമായിരുന്നു. ഇന്ത്യയുടെ ഇന്നിംഗ്സ് ജയം തടഞ്ഞ ഇരുവരും സെഞ്ചുറികളുമായി റെക്കോര്‍ഡിട്ടു. എന്നാല്‍ ഇരുവരും പുറത്തായശേഷം കൂട്ടത്തകര്‍ച്ച നേരിട്ട വിന്‍ഡീസ് നാലാം ദിനം തന്നെ ഇന്ത്യക്ക് വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും വാലറ്റത്ത് അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ പിടിച്ചു നിന്ന ജസ്റ്റിന്‍ ഗ്രീവ്സും ജെയ്ഡന്‍ സീല്‍സും ചേര്‍ന്ന് 24 ഓവറുകള്‍ പിടിച്ചു നിന്നു. പത്താം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 100 കടന്നു.
ഇതിനിടെ ഗ്രൗണ്ടിലുണ്ടായ രസകരമായ നിമിഷമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാവുന്നത്. നാലാം ദിനം ചായക്ക് മുമ്പെ ഒമ്പത് വിക്കറ്റ് നഷ്ടമായെങ്കിലും പിടിച്ചു നിന്ന ഗ്രീവ്സും സീല്‍സും എളുപ്പം ജയിക്കാമെന്ന ഇന്ത്യൻ പ്രതീക്ഷകളെ ബൗണ്ടറി കടത്തി. ചായക്ക് ശേഷം ഗ്രൗണ്ടിലിറങ്ങാന്‍ കളിക്കാര്‍ തയാറായി നില്‍ക്കെ വിന്‍ഡീസ് താരം ജസ്റ്റിന്‍ ഗ്രീവ്സിന് അടുത്തേക്ക് നടന്നുപോയ സിറാജ് വിരല്‍ചൂണ്ടി സംസാരിക്കുന്നതും ഗ്രീവ്സ് ചിരിച്ചുകൊണ്ട് നില്‍ക്കുന്നതും കാണാമായിരുന്നു. ഇനിയും പിടിച്ചു നിന്ന് ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് എന്നാണ് തെലങ്കാന പൊലീസില്‍ ഡി എസ് പിയായ സിറാജ് വിരല്‍ ചൂണ്ടിക്കൊണ്ട് ഗ്രീവ്സിനോട് തമാശയായി പറഞ്ഞതെന്നാണ് കരുതുന്നത്.
സിറാജിന്‍റെ താക്കീതിനെ തമാശയായി തന്നെ കണ്ട ഗ്രീവ്സ് ചായക്ക് ശേഷവും കുറച്ചുനേരം കൂടി ഇന്ത്യൻ താരങ്ങളുടെ ക്ഷമ പരീക്ഷിച്ച് അര്‍ധസെഞ്ചുറിയും നേടി. ഒടുവില്‍ ജെയ്ഡന്‍ സീല്‍സിനെ പുറത്താക്കിയ ജസ്പ്രീത് ബുമ്രയാണ് വിന്‍ഡീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 50 റണ്‍സുമായി ഗ്രീവ്സ് പുറത്താകാത നിന്നു. 121 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യ നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ അവസാന ദിനം ഇന്ത്യക്ക് മത്സരം ജയിക്കാന്‍ 58 റണ്‍സ് കൂടി വേണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക