
ലാഹോര്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നല്ല തുടക്കത്തിനുശേഷം ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 378 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയിലാണ്. 81 റണ്‍സുമായി ടോണി ഡി സോര്‍സിയും ആറ് റണ്‍സോടെ സെനുരാന്‍ മുത്തുസ്വാമിയും ക്രീസില്‍. നാലു വിക്കറ്റ് വീഴ്ത്തിയ ഇടം കൈയന്‍ സ്പിന്നര്‍ നോമാന്‍ അലിയാണ് ദക്ഷിണാഫ്രിക്കയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്.
പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും റിയാന്‍ റിക്കിള്‍ടണും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 45 റണ്‍സെടുത്തു. 20 റണ്‍സെടുത്ത മാര്‍ക്രത്തെയും 17 റണ്‍സെടുത്ത വിയാന്‍ മുള്‍ഡറെയും മടക്കിയ നോമാൻ അലി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയെങ്കിലും റിയാന്‍ റിക്കിൾടണും ടോണി ഡി സോര്‍സിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 96 റണ്‍സടിച്ച് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 71 റണ്‍സെടുത്ത റിക്കിള്‍ടണെ പുറത്താക്കി സല്‍മാന്‍ അലി ആഗ കൂട്ടുകെട്ട് പൊളിച്ചതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു.
പിന്നാലെ ട്രിസ്റ്റൻ സ്റ്റബസിനെ(8) മടക്കിയ നോമാന്‍ അലി ദക്ഷിണാഫ്രിക്കക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. യുവതാരം ഡെവാൾഡ് ബ്രെവിസിനെ(0) സാജിദ് ഖാന്‍ ഗോള്‍ഡന്‍ ഡക്കാക്കിയതിന് പിന്നാലെ കെയ്ൽ വെറീനെയെ(2) വീഴ്ത്തിയ നൊമാന്‍ അലി ദക്ഷിണാഫ്രിക്കയെ കൂട്ടത്തതകര്‍ച്ചയിലാക്കി. ഇതോടെ 174-2ല്‍ നിന്ന് 200-6ലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. പിന്നീട് ടോണി ഡി സോര്‍സിയും മുത്തുസ്വാമിയും കൂടി കൂടുതല്‍ നഷ്ടങ്ങളില്ലാതെ പിടിച്ചു നിന്നു. പാകിസ്ഥാന് വേണ്ടി നോമാന്‍ ആലി നാലു വിക്കറ്റെടുത്തു.
നേരത്തെ 93 റണ്‍സെടുത്ത സല്‍മാന്‍ അലി ആഗയും(93) മുഹമ്മദ് റിസ്‌വാനും(75) നേടിയ അര്‍ധസെഞ്ചുറികളാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 199-5 എന്ന സ്കോറില്‍ പതറിയ പാകിസ്ഥാനെ ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 163 റണ്‍സെടുത്ത് കരകയറ്റുകയായിരുന്നു. 362-5 എന്ന മികച്ച നിലയിലായിരുന്ന പാകിസ്ഥാന്‍ സല്‍മാന്‍ അലി ആഗയെ സുബ്രായന്‍ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ 378ന് ഓള്‍ ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സെനുരാന്‍ മുത്തുസ്വാമി ആറ് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക