ഇതെന്തൊരു മാറ്റം; ജോ റൂട്ടും '360 ഡിഗ്രി' ആയി, കാണാം അമ്പരപ്പിക്കും ഷോട്ടുകള്‍

By Web TeamFirst Published Jan 20, 2023, 8:22 PM IST
Highlights

യുഎഇയില്‍ പുരോഗമിക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ട്വന്‍റി 20യില്‍ 360 ഡിഗ്രി ബാറ്റിംഗ് കൊണ്ട് അമ്പരപ്പിച്ചിരിക്കുകയാണ് ജോ റൂട്ട്

ഷാര്‍ജ: ട്വന്‍റി 20 ഫോര്‍മാറ്റിന് പറ്റിയ ബാറ്ററല്ല ജോ റൂട്ട് എന്ന പൊതു നിരീക്ഷണം കാലങ്ങളായുള്ളതാണ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായി റൂട്ടിനെ പലരും കാണുന്നതാണ് ഇതിന് ഒരു കാരണം. റൂട്ടിന്‍റെ ബാറ്റിംഗ് ശൈലി ഒരുകാലത്തും കുട്ടി ക്രിക്കറ്റിന് ഉചിതമാണെന്ന് അധികമാര്‍ക്കും തോന്നിയിട്ടുമുണ്ടാവില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഏറ്റവും പ്രധാന ബാറ്ററായതിനാല്‍ ലോകമെമ്പാടുമുള്ള ട്വന്‍റി20 ഫ്രാഞ്ചൈസി ലീഗുകളില്‍ അധികം പരീക്ഷണങ്ങള്‍ നടത്താന്‍ റൂട്ടിന് അവസരം ലഭിച്ചതുമില്ല. 

എന്നാല്‍ യുഎഇയില്‍ പുരോഗമിക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ട്വന്‍റി 20യില്‍ 360 ഡിഗ്രി ബാറ്റിംഗ് കൊണ്ട് അമ്പരപ്പിച്ചിരിക്കുകയാണ് ജോ റൂട്ട്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് റൂട്ടിന്‍റെ വൈവിധ്യമായ ഷോട്ടുകള്‍ക്ക് വേദിയായത്. ടൂര്‍ണമെന്‍റില്‍ ദുബായ് ക്യാപിറ്റല്‍സിനായി കളിക്കുന്ന റൂട്ട് ഗള്‍ഫ് ജയന്‍റ്‌സിനെതിരെ മൂന്ന് ബൗണ്ടറി നേടി. അതും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് വിസ്‌മയം എ ബി ഡിവില്ലിയേഴ്‌സും ഇപ്പോള്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവും കളിക്കുന്നതുപോലെ 360 ഡിഗ്രി ശൈലിയില്‍. എന്നാല്‍ റൂട്ടിന്‍റെ ബാറ്റിംഗ് അധിക നേരം നീണ്ടില്ല. 20 റണ്‍സ് മാത്രമെടുത്ത് റൂട്ട് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. 

എങ്കിലും 360 ഡിഗ്രിയില്‍ ബാറ്റ് ചെയ്യുന്ന റൂട്ടിന്‍റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. നിരവധി പേരാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്‌‌തത്. മികച്ച ടെസ്റ്റ് താരമാണേല്‍ ഏത് ഫോര്‍മാറ്റിലും മികവ് കാട്ടാനാകും എന്നായിരുന്നു ഒരു ആരാധകന്‍റെ പ്രതികരണം. റൂട്ടിന്‍റെ കാര്യത്തില്‍ ഈ നിഗമനം ശരിയാണെന്ന് വീഡിയോ വ്യക്തമാക്കുന്നു. അല്‍പം കടന്ന് റൂട്ടിനെ ഓള്‍ഫോര്‍മാറ്റ് ബെസ്റ്റ് പ്ലെയറായി അവതരിപ്പിച്ച ആരാധകരുമുണ്ട്. ഇതേ ശൈലിയില്‍ ബാറ്റ് വീശുന്ന ജോ റൂട്ടിനെ ഐപിഎല്‍ പ്രതീക്ഷിക്കുന്നവരുണ്ട്. 

Special shots from Joe Root in ILT20.pic.twitter.com/wM9sHf8Csl

— Johns. (@CricCrazyJohns)

മത്സരത്തില്‍ ഗള്‍ഫ് ജയന്‍റ്‌സ് 101 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഗള്‍ഫ് ജയന്‍റ്‌സ് 181 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ ദുബായ് ക്യാപിറ്റല്‍സ് 14.3 ഓവറില്‍ 80 റണ്‍സില്‍ പുറത്തായി. 76 റണ്‍സെടുത്ത ജയിംസ് വിന്‍സായിരുന്നു ഗള്‍ഫ് ജയന്‍റ്‌സിന്‍റെ ടോപ് സ്‌കോറര്‍. വിന്‍സ് തന്നെയാണ് കളിയിലെ താരവും.

മുന്‍ കാമുകിയെ ചൊല്ലി തര്‍ക്കം, ഒടുവില്‍ മുഖത്തടി കിട്ടി; മൈക്കല്‍ ക്ലാര്‍ക്കിന് അടുത്ത തിരിച്ചടി വരുന്നു 

click me!