Asianet News MalayalamAsianet News Malayalam

മുന്‍ കാമുകിയെ ചൊല്ലി തര്‍ക്കം, ഒടുവില്‍ മുഖത്തടി കിട്ടി; മൈക്കല്‍ ക്ലാര്‍ക്കിന് അടുത്ത തിരിച്ചടി വരുന്നു

മൈക്കല്‍ ക്ലാര്‍ക്ക് പങ്കാളി ജേഡ് യാര്‍ബോയുമായി വഴക്കടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദി ഡെയ്‌ലി ടെലഗ്രാഫ് പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്

Fight with partner on street Michael Clarke may drop from commentary panel in IND vs AUS Test series report
Author
First Published Jan 20, 2023, 7:24 PM IST

ക്വീന്‍സ്‌ലന്‍ഡ്: മുന്‍ കാമുകിയെ ചൊല്ലി പങ്കാളി ജേഡ് യാര്‍ബോയുമായി നടുറോഡില്‍ ഏറ്റുമുട്ടിയ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് അടുത്ത തിരിച്ചടി വരുന്നു. വരാനിരിക്കുന്ന ഇന്ത്യ, ഓസ്ട്രേലിയ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ കമന്‍ററി പാനലില്‍ നിന്ന് ക്ലാര്‍ക്കിനെ ബിസിസിഐ ഒഴിവാക്കിയേക്കും എന്നാണ് ദി ഡെയ്‌ലി ടെലഗ്രാഫിന്‍റെ റിപ്പോര്‍ട്ട്. ക്വീന്‍സ്‌ലന്‍ഡില്‍ വച്ച് നടന്ന സംഭവത്തിന് പിന്നാലെ മൈക്കല്‍ ക്ലാര്‍ക്കിന്‍റെ ചില സ്‌പോണ്‍സര്‍മാര്‍ പിന്‍മാറിയതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 

മൈക്കല്‍ ക്ലാര്‍ക്ക് പങ്കാളി ജേഡ് യാര്‍ബോയുമായി വഴക്കടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദി ഡെയ്‌ലി ടെലഗ്രാഫ് പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ജനുവരി 10ന് ഒരു റസ്റ്റോറന്‍റിന് പുറത്തുവച്ച് നടന്ന സംഭവം ആരോ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. മുന്‍ കാമുകിയും സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറുമായ പിപ് എഡ്വേര്‍ഡ്‌സുമായി രഹസ്യബന്ധം തുടരുന്നുവെന്നതിന്‍റെ പേരില്‍ ക്ലാര്‍ക്കിനെ ജേഡ് യാര്‍ബോ ശകാരിക്കുന്നത് വീഡിയോയിലുണ്ടായിരുന്നു. ആരോപണം ആദ്യം നിഷേധിച്ച ക്ലാര്‍ക്കിന് മുമ്പില്‍ ജേഡ് മെസേജുകള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തിയതോടെ കലഹം അടിയായി മാറി. ആരോപണങ്ങള്‍ ക്ലാര്‍ക്ക് നിഷേധിച്ചതോടെ പ്രകോപിതയായ ജേഡ് നിരവധി തവണ ക്ലാര്‍ക്കിന്‍റെ മുഖത്തടിക്കുന്നതും ദൃശ്യത്തിലുണ്ട്. പുതിയ വിവാദത്തിന്‍റെ പശ്‌ചാത്തലത്തില്‍ ക്ലാര്‍ക്കിനെ കമന്‍ററി പാനലില്‍ നിലനിര്‍ത്തണോ എന്ന് ബിസിസിഐ ആലോചിക്കുന്നതായാണ് ദി ഡെയ്‌ലി ടെലഗ്രാഫിന്‍റെ വാര്‍ത്ത. 

ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ക്വീന്‍സ്‌ലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ കേസ് ഒന്നും രജിസ്റ്റര്‍ ചെയ്‌തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 'സംഭവത്തില്‍ മൈക്കല്‍ ക്ലാര്‍ക്ക് പിന്നീട് മാപ്പു പറഞ്ഞിരുന്നു. ഇത്തരമൊരു സംഭവം ഒരു പൊതുസ്ഥലത്ത് വെച്ച് ഉണ്ടാവാന്‍ പാടില്ലായിരുന്നു. സംഭവിച്ചതിന്‍റെയെല്ലാം ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. സംഭവത്തെ തുടര്‍ന്ന് താനാകെ തകര്‍ന്നുപോയെന്നു'മായിരുന്നു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ലാര്‍ക്കിന്‍റെ വാക്കുകള്‍. ഓസ്ട്രേലിയക്ക് 2015ല്‍ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനായ മൈക്കല്‍ ക്ലാര്‍ക്ക് ക്രിക്കറ്റ് കമന്‍ററിയില്‍ സജീവമാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ മൈക്കല്‍ ക്ലാര്‍ക്കിനൊപ്പം മുന്‍ സഹതാരം മാത്യൂ ഹെയ്‌ഡനും കമന്‍ററി പാനലിലുണ്ട്. നാഗ്‌പൂരില്‍ ഫെബ്രുവരി 9-ാം തിയതിയാണ് നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. 

മുന്‍ കാമുകിയുമായി രഹസ്യബന്ധം, മൈക്കല്‍ ക്ലാര്‍ക്കിന് കാമുകിയുടെ വക തല്ല്

Follow Us:
Download App:
  • android
  • ios