
ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണക്കേടിന്‍റെ പടുകുഴിയിൽ വീണ് ശ്രീലങ്ക. ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 191 റൺസിൽ ഒതുക്കി വിജയം സ്വപ്നം കണ്ട് ബാറ്റിംഗിനിറങ്ങിയ ലങ്കൻ പോരാളികൾ ജാൻസൻ കൊടുങ്കാറ്റിന് മുന്നിൽ അക്ഷരാർത്ഥത്തിൽ തകർന്നടിയുകയായിരുന്നു. കേവലം 42 റൺസിന് എല്ലാവരും കൂടാരം കയറിയപ്പോൾ തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേടിന്‍റെ റെക്കോഡ് കൂടിയാണ് സ്വന്തമായത്. 1994 ൽ പാക്കിസ്താനെതിരെ 71 റൺസിന് പുറത്തായ 'റെക്കോഡാ'ണ് ലങ്ക ഇന്ന് പുതുക്കിയത്. 1955ൽ ഇംഗ്ലണ്ടിനെതിരെ 26 റൺസിനു പുറത്തായ ന്യൂസീലൻഡിന്റെ പേരിലാണ് ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേട്.
കെ എല്‍ രാഹുലിനെ ഞങ്ങൾക്ക് വിട്ടുതരാമോ, ഐപിഎല്ലിന് മുമ്പ് തിരികെ തരാമെന്ന് ബെംഗളൂരു എഫ് സി
തീപാറും പന്തുകളുമായി മാർക്കോ ജാൻസനാണ് ലങ്കയെ കത്തിച്ചത്. കേവലം 6.5 ഓവറിൽ 13 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റുകളാണ് ജാൻസൻ കീശയിലാക്കിയത്. ജെറാൾഡ് കോട്സെ മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കഗീസോ റബാദ നാല് ഓവറിൽ 10 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ലങ്കൻ ഇന്നിങ്സിൽ 2 പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 20 പന്തിൽ മൂന്നു ഫോറുകളോടെ 13 റൺസെടുത്ത കാമിന്ദു മെൻഡിസാണ് ടോപ് സ്കോറർ. അഞ്ച് പന്തിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസുമായി പുറത്താകാതെ നിന്ന ലഹിരു കുമാരയാണ് രണ്ടക്കം കണ്ട മറ്റൊരാൾ. അഞ്ച് പേർക്ക് റൺസെടുക്കാൻ പോലും സാധിച്ചില്ല.
നേരത്തേ ക്യാപ്റ്റൻ തെംബ ബാവുമയുടെ അർധ സെഞ്ചറിയുടെ മികവിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. 117 പന്തുകൾ നേരിട്ട ബാവുമ 70 റൺസെടുത്തു. 35 പന്തിൽ 24 റൺസെടുത്ത കേശവ് മഹാരാജ്, 23 പന്തിൽ 15 റൺസെടുത്ത റബാദ, 21 പന്തിൽ 13 റൺസെടുത്ത മാർക്കോ ജാൻസൻ എന്നിവരും ചേർന്ന് സ്കോർ 191 ൽ എത്തിച്ചിരുന്നു. 3 വിക്കറ്റ് വീതം നേടിയ അസിത ഫെർണാണ്ടോയും ലഹിരു കുമാരയും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം