ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. 

കൊളംബോ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് ടോസ്. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാല്‍ അഗ ബാറ്റിംഗ് തെരഞ്ഞെടുത്തു. പാകിസ്ഥാന്‍ ഒരു മാറ്റവുമായിട്ടാണ് എത്തിയത്. ഫഖര്‍ സമാന്‍ ടീമില്‍ തിരിച്ചെത്തി. ഖവാജ നഫായ് വഴിമാറി. ന്യൂസിലന്‍ഡ് മൂന്ന് മാറ്റം വരുത്തിയിട്ടുണ്ട്. ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ തിരിച്ചെത്തി. കോള്‍ മക്‌കോഞ്ചി, കെയ്ല്‍ ജാമിസണ്‍, ജേക്കബ് ഡഫി എന്നിവരാണ് പുറത്തായത്. ടോസിന് ശേഷം മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍...

ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അല്ലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാറില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ജയിംസ് നീഷം, മാറ്റ് ഹെന്റി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍

പാകിസ്ഥാന്‍: സാഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയൂബ്, സല്‍മാന്‍ അഗ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഫഖര്‍ സമാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, സല്‍മാന്‍ മിര്‍സ, ഉസ്മാന്‍ താരിഖ്.

മത്സരത്തിനിടെ മഴയെത്തുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. എന്നിരുന്നാലും മത്സരം പൂര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇരു ടീമുകളും പോയിന്റ് പങ്കിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഓരോ തോല്‍വി വീതം നേരിട്ടിരുന്നു. പാകിസ്ഥാന്‍, ഇന്ത്യക്ക് മുന്നില്‍ പരാജയപ്പെട്ടു. ന്യൂസിലന്‍ഡ് ആവട്ടെ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടു. സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടില്‍ ഇരുവരേയും കൂടാതെ ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരാണ് കളിക്കുന്നത്.

YouTube video player