ബെല്‍ജിയം കോച്ചിന് പിന്നാലെ ഈഡന്‍ ഹസാര്‍ഡും പടിയിറങ്ങുന്നു; ഇനി ക്ലബ് ജേഴ്‌സിയില്‍ മാത്രം 

By Web TeamFirst Published Dec 7, 2022, 5:41 PM IST
Highlights

ഖത്തറില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഹസാര്‍ഡ്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ 31കാരന് സാധിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് പരിക്കിന്റെ പിടിയിലാണ് റയല്‍ മാഡ്രിഡ് താരം.

ബ്രസ്സല്‍സ്: ഖത്തര്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ ഈഡന്‍ ഹസാര്‍ഡ്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായിട്ടാണ് ബെല്‍ജിയം ഫിനിഷ് ചെയ്തത്. ക്രൊയേഷ്യയോട് തോറ്റ ബെല്‍ജിയം, മൊറോക്കോയോട് സമനില പാലിക്കുകയും കാനഡയെ തോല്‍പ്പിക്കുകയുമായിരുന്നു. 

ഖത്തറില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഹസാര്‍ഡ്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ 31കാരന് സാധിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് പരിക്കിന്റെ പിടിയിലാണ് റയല്‍ മാഡ്രിഡ് താരം. ഹസാര്‍ഡ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നതിങ്ങനെ. ''ഒരു അധ്യായം കൂടി പൂര്‍ത്തിയാകുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 2008 മുതല്‍ ഞാന്‍ ടീമിന്റെ ഭാഗമാണ്. എന്നാല്‍ അന്താരാഷ്ട്ര കരിയറിന് അവസാനമാവുകയാണ്.'' ഹസാര്‍ഡ് കുറിച്ചിട്ടു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Eden Hazard (@hazardeden_10)

2008 മുതല്‍ 2022 വരെ 126 മത്സരങ്ങള്‍ ബെല്‍ജിയത്തിനായി കളിച്ചു. 33 ഗോളുകളാണ്താരം നേടിയത്. താരം വിരമിക്കുന്നതോടെ ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ അവസാനവും ആരംഭിക്കുകയായി. പരിശീലക സ്ഥാനത്ത് റോബര്‍ട്ടോ മാര്‍ട്ടിനെസും ഒഴിഞ്ഞിരുന്നു. 'എന്റെ അവസ്ഥ വളരെ വ്യക്തമാണ്. പരിശീലക സ്ഥാനത്ത് എന്റെ അവസാനമാണിത്. ലോകകപ്പിലെ ഫലമെന്തായാലും സ്ഥാനമൊഴിയുമെന്ന് ടൂര്‍ണമെന്റിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. ദീര്‍ഘകാലം ടീമിനെ പരിശീലിപ്പിച്ച് വരികയായിരുന്നു. ഞാന്‍ രാജിവച്ച് ഒഴിയുന്നില്ല. അങ്ങനെ എന്റെ റോള്‍ അവസാനിക്കുകയാണ്' എന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

ലോക റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായാണ് ബെല്‍ജിയം ഖത്തര്‍ ലോകകപ്പിന് എത്തിയത്. ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായതില്‍ കടുത്ത നിരാശയുണ്ടെന്ന് ബെല്‍ജിയം ഫുട്‌ബോള്‍ ഫെഡറേഷനും പ്രതികരിച്ചു. സുവര്‍ണ തലമുറയ്‌ക്കൊപ്പം നേടിയ നേട്ടങ്ങള്‍ക്ക് മാര്‍ട്ടിനസിന് അസോസിയേഷന്‍ നന്ദി അറിയിച്ചു. 

പരിശീലകനും ടെക്നിക്കല്‍ ഡയറക്ടറും എന്ന നിലയില്‍ തുടര്‍ച്ചയായി നാല് വര്‍ഷം ഫിഫ റാങ്കിംഗില്‍ ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2018 റഷ്യന്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. 2021 യൂറോയ്ക്ക് യോഗ്യരായി. 2021 യുവേഫ നേഷന്‍സ് ലീഗില്‍ സെമിയിലെത്തി എന്നും ബെല്‍ജിയം ഫുട്‌ബോള്‍ അസോസിയേഷന്‍ സിഎഇ പീറ്റര്‍ ബൊസ്സാര്‍ട്ട് പറഞ്ഞു.

കാലിടറിയവര്‍, കണക്കുതെറ്റിച്ചവര്‍, കരുതലെടുത്തവര്‍; ഖത്തറില്‍ ആരാധകരെ ത്രസിപ്പിച്ച സുന്ദര നിമിഷങ്ങള്‍ 

click me!