
എഡ്ജ്ബാസ്റ്റണ്‍: എഡ്ബാസ്സ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രസംകൊല്ലിയായി മഴയുടെ കളി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മഴമൂലം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. ആറ് റണ്‍സോടെ ഒലി പോപ്പും രണ്ട് റണ്‍സുമായി ജോ റൂട്ടും ക്രീസില്‍.
തലയരിഞ്ഞ് ബുമ്ര
ഇംഗ്ലണ്ട് ഓപ്പണര്‍മാരായ അലക്സ് ലീസിനെയും സാക്ക് ക്രോളിയെയും മടക്കി ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. മൂന്നാം ഓവറിലെ അവസാന പന്തില്‍ ലീസിനെ(6) ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. നാലാം ഓവറിലെ ആദ്യ പന്തില്‍ മറ്റൊരു ഓപ്പണറായ സാക്ക് ക്രോളിയെ ബുമ്ര ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച ബുമ്ര ഇരട്ടപ്രഹേല്‍പ്പിച്ചു. ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ 6.3 ഓവര്‍ മാത്രമാണ് കളി നടന്നത്. മുഹമ്മദ് ഷമിയാണ് ബുമ്രക്കൊപ്പം ഇന്ത്യക്കായി ന്യൂബോള്‍ എറിയാനെത്തിയത്.
എട്ട് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ട് ഇപ്പോള്‍ ഇന്ത്യന്‍ സ്കോറിനെക്കാള്‍ 385 റണ്‍സ് പിന്നിലാണ്. 3.3 ഓവറില്‍ 14 റണ്‍സ് വഴങ്ങിയാണ് ബുമ്ര രണ്ട് വിക്കറ്റെടുത്തത്.
നേരത്തെ റിഷഭ് പന്തിന് (146) പിന്നാലെ രവീന്ദ്ര ജഡേജയുടെ സെഞ്ചുറിയുടെയും (104) വാലറ്റത്ത് ജസ്പ്രീത് ബുമ്രയുടെ വെടിക്കെട്ടിന്‍റെയും കരുത്തിലായിരുന്നു ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറില്‍ 35 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ട ബുമ്രയാണ് ഇന്ത്യയെ 416 റണ്‍സിലെത്തിച്ചത്. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് നേടി. ഏഴിന് 338 എന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ അവസാന രണ്ട് വിക്കറ്റില്‍ 78 റണ്‍സ് അടിച്ചു കൂട്ടി. മൂന്നാം ടെസ്റ്റ് സെഞ്ചുറി നേടിയ ജഡേജയും 16 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജസ്പ്രീത് ബുമ്രയുമാണ് രണ്ടാം ദിനം ഇന്ത്യയുടെ പ്രധാന സ്കോറര്‍മാര്‍. മുഹമ്മദ് ഷമി 16 റണ്‍സടിച്ചു.
13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുഹമ്മദ് ഷമി (16) മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ ആന്‍ഡേഴ്സണ് മുന്നില്‍ ജഡേജയും മുട്ടുകുത്തിയതോടെ ഇന്ത്യ 400 കടക്കില്ലെന്ന് കരുതിയെങ്കിലും ബ്രോഡിനെതിരെ ബുമ്ര നടത്തിയ റണ്‍വേട്ട ഇന്ത്യയെ 400 കടത്തി.