
കൊളംബോ: ഇതിനകം സെമിയില്‍ എത്തിയതൊന്നും ഇന്ത്യന്‍ യുവനിരയെ അലസരാക്കിയില്ല, എമേർജിംഗ് ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ പാകിസ്ഥാന്‍ എയെ ഇന്ത്യ എ 48 ഓവറില്‍ 205 റണ്‍സില്‍ പുറത്താക്കി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാക് ടീമിന്‍റെ പ്രതീക്ഷകളെല്ലാം ഇന്ത്യന്‍ യുവ ബൗളർമാർ എറിഞ്ഞുടയ്ക്കുകയായിരുന്നു. ഏഴാമനായിറങ്ങി 63 പന്തില്‍ 48 റണ്‍സ് നേടിയ ഖാസിം അക്രമാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറർ. വാലറ്റത്തിന്‍റെ പോരാട്ടമാണ് പാകിസ്ഥാനെ 200 കടത്തിയത്. ഇന്ത്യക്കായി രാജ്‍വർധന്‍ ഹംഗർഗേക്കർ 8 ഓവറില്‍ 42 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് ഓപ്പണർ സയീം അയൂബിനെ പൂജ്യത്തില്‍ നഷ്ടമായി. മൂന്നാമന്‍ ഒമെർ യൂസഫിനും അക്കൗണ്ട് തുറക്കാനായില്ല. 36 പന്തില്‍ 35 റണ്‍സെടുത്ത സഹീബ്‍സദ ഫർഹാന്‍, 55 പന്തില്‍ 27 എടുത്ത ഹസീബുള്ള ഖാന്‍ എന്നിവർക്ക് ശേഷം കമ്രാന്‍ ഗുലാം 31 പന്തില്‍ 15 ഉം ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസ് 13 പന്തില്‍ 14 ഉം റണ്‍സിന് പുറത്തായി. ഇതിന് ശേഷം ഏഴാമന്‍ ഖാസിം അക്രം(63 പന്തില്‍ 48), മുബശിർ ഖാന്‍(38 പന്തില്‍ 28), മെഹ്റാന്‍ മുംതാസ്(26 പന്തില്‍ 25*) എന്നിവരുടെ പോരാട്ടമാണ് പാകിസ്ഥാനെ കുഞ്ഞന്‍ സ്കോറില്‍ നിന്ന് കാത്തത്. മുഹമ്മദ് വസീം ജൂനിയർ 7 പന്തില്‍ 8 ഉം ഷാനവാസ് ദഹാനി 4 പന്തില്‍ 4 ഉം റണ്‍സെടുത്ത് പുറത്തായി. ഹംഗർഗേക്കറുടെ അഞ്ചിന് പുറമെ മാനവ് സത്താർ മൂന്നും നിഷാന്ത് സന്ധുവും റിയാന്‍ പരാഗും ഓരോ വിക്കറ്റും നേടി.
ഇന്ത്യ എ പ്ലേയിംഗ് ഇലവന്‍: സായ് സുദർശന്‍, അഭിഷേക് ശർമ്മ, നിഖിന്‍ ജോസ്, യഷ് ധുള്‍(ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, നിഷാന്ത് സന്ധു, ധ്രുവ് ജൂരെല്‍(വിക്കറ്റ് കീപ്പർ), മാനവ് സത്താർ, ഹർഷിത് റാണ, നിതീഷ് റെഡ്ഡി, രാജ്‍വർധന്‍ ഹംഗർഗേക്കർ.
പാകിസ്ഥാന്‍ എ പ്ലേയിംഗ് ഇലവന്‍: സയീം അയൂബ്, ഹസീബുള്ള ഖാന്‍, മുഹമ്മദ് ഹാരിസ്(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), കമ്രാന്‍ ഗുലാം, സഹീബ്‍സദ ഫർഹാന്‍, ഒമെർ യൂസഫ്, ഖാസിം അക്രം, മുബശിർ ഖാന്‍, മെഹ്‍റാന്‍ മുംതാസ്, മുഹമ്മദ് വസീം ജൂനിയർ, ഷാനവാസ് ദഹാനി.
Read more: രാഹുല്‍ ദ്രാവിഡ് യുഗം അവസാനിക്കുന്നു; ലോകകപ്പിന് ശേഷം പുതിയ കോച്ച് എന്ന് സൂചന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം