ഏകദിന ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക കരാർ പുതുക്കില്ല എന്നാണ് റിപ്പോർട്ട്
മുംബൈ: ഈ വർഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് ശേഷം ടീം ഇന്ത്യക്ക് പുതിയ കോച്ച് എന്ന് റിപ്പോർട്ട്. ലോകകപ്പോടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ കരാർ അവസാനിക്കുമെങ്കിലും ഇന്ത്യന്‍ ടീം കപ്പുയർത്തിയാലും മുന്‍ താരം ചുമതല ഒഴിയാനാണ് സാധ്യത എന്നാണ് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ട്. കോച്ചായി ദ്രാവിഡ് രണ്ടാം ഊഴത്തിന് കാത്തിരിക്കില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ഏകദിന ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക കരാർ പുതുക്കില്ല എന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഏറെ യാത്ര ചെയ്യേണ്ടിവരുന്നതും കുടുംബ കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുന്നതും ദ്രാവിഡിനെ ഏറെ അസ്വസ്ഥ നാക്കുന്നതായാണ് സൂചന. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായിരിക്കേ അപ്രതീക്ഷിതമായായിരുന്നു 2021ല്‍ രവി ശാസ്ത്രിയില്‍ നിന്ന് ദ്രാവിഡ് ഇന്ത്യന്‍ പരിശീലന്‍റെ ചുമതല ഏറ്റെടുത്തത്. കുടുംബ കാര്യങ്ങളും അടിക്കടിയുള്ള പര്യടനങ്ങളും കാരണം പറഞ്ഞ് ദ്രാവിഡ് ആദ്യം ചുമതലയേല്‍ക്കാന്‍ മടി കാണിച്ചെങ്കിലും ദാദ ഇടപെട്ട് ഇതിഹാസ താരത്തെ ചുമതലയിലേക്ക് കൊണ്ടുവരികയായിരുന്നു. 'ദ്രാവിഡിന് തന്‍റെ ജീവിതം സെറ്റില്‍ ചെയ്യണം എന്നുണ്ട്. അതിനാലാണ് അദേഹം കോച്ചാകാന്‍ ആദ്യം മടിച്ചത്. ഇന്ത്യ ലോകകപ്പ് നേടിയാലും ചുമതലയില്‍ തുടരണോ എന്ന കാര്യത്തില്‍ അദേഹം തീരുമാനം എടുക്കും' എന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്പോർടിനോട് പറഞ്ഞത്.
എന്നാല്‍ മറ്റ് ചില ബിസിസിഐ കേന്ദ്രങ്ങള്‍ ഈ വാദം തള്ളിക്കളയുന്നു. 'കരാർ പുതുക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചർച്ചകളൊന്നുമില്ല. ലോകകപ്പിലാണ് നിലവിലെ ശ്രദ്ധ മുഴുവന്‍. എന്നിരുന്നാലും ലോകകപ്പിന് മുമ്പ് ദ്രാവിഡുമായി ചർച്ച നടക്കും. കോച്ചായി തുടരേണ്ട എന്ന ഒരു സൂചനയും ദ്രാവിഡിന്‍റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ലഭിച്ചിട്ടില്ല' എന്നും മുതിർന്ന ബിസിസിഐ അംഗം വ്യക്തമാക്കി. 2021 ടി20 ലോകകപ്പ് തോല്‍വിക്ക് ശേഷം രവി ശാസ്ത്രിയില്‍ നിന്ന് ചുമതല ഏറ്റെടുത്ത ദ്രാവിഡിന് കീഴില്‍ സമ്മിശ്ര ഫലമാണ് ടീമിനുണ്ടാക്കാന്‍ കഴിഞ്ഞത്. ഹോം വേദികളില്‍ ഏറെ പരമ്പരകള്‍ നേടാനായെങ്കിലും വിദേശത്തും ഏഷ്യാ കപ്പിലും 2022 ടി20 ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ടീം തോല്‍വി അറിഞ്ഞത് തിരിച്ചടിയായി.
Read more: ജോസ് ദി ബോസ്; പാകിസ്ഥാനെതിരെ ധ്രുവ് ജൂരെല്‍ കീപ്പ് ചെയ്യുന്നത് ബട്‍ലർ സമ്മാനിച്ച ഗ്ലൗവുമായി
