ENG vs IND : മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടാതെ കോലിക്ക് വഴിയില്ല; വീണ്ടും പാളിയാല്‍ നാണക്കേടിന്‍റെ പടുകുഴിയില്‍

By Web TeamFirst Published Jul 17, 2022, 2:01 PM IST
Highlights

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടീം ഇന്ത്യയുടെ വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഏകദിന, ടി20 മത്സരങ്ങളിലൊന്നും കോലി കളിക്കില്ലാത്തതാണ് കാരണം

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍(Team India) മുന്‍ നായകന്‍ വിരാട് കോലിയെ(Virat Kohli) സംബന്ധിച്ച് ഏറെ നിര്‍ണായകമായ മത്സരമാണ് മാഞ്ചസ്റ്ററില്‍(Emirates Old Trafford Manchester) ഇന്ന് ഇംഗ്ലണ്ടിനെതിരെ നടക്കാന്‍ പോകുന്ന മൂന്നാം ഏകദിനം(ENG vs IND 3rd ODI). പരമ്പര വിജയികളെ നിശ്ചയിക്കുന്ന മത്സരത്തില്‍ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലേല്‍ റണ്‍മെഷീന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലിക്കത് വലിയ തിരിച്ചടിയാവും. 

മാഞ്ചസ്റ്ററില്‍ മൂന്നക്കം കാണാനായില്ലേല്‍ സെഞ്ചുറിയില്ലാതെ 1000 ദിനങ്ങളെന്ന നാണക്കേടിലേക്ക് കോലി വഴുതിവീഴാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടീം ഇന്ത്യയുടെ വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഏകദിന, ടി20 മത്സരങ്ങളിലൊന്നും കോലി കളിക്കില്ലാത്തതാണ് കാരണം. ജൂലൈ 22ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഓഗസ്റ്റ് എട്ടിനാണ് അവസാനിക്കുക. അതിന് ശേഷം നടക്കുന്ന ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ഇന്ന് മാഞ്ചസ്റ്ററില്‍ 100 തികയ്‌ക്കാനായില്ലേല്‍ സെഞ്ചുറിയില്ലാത്ത 1000 ദിനങ്ങള്‍ എന്ന നാണക്കേട് കിംഗ് കോലിക്ക് സ്വന്തമാകുമെന്നുറപ്പ്. 

2019 നവംബര്‍ 23നാണ് കോലി രാജ്യാന്തര ക്രിക്കറ്റില്‍ തന്‍റെ അവസാന ശതകം നേടിയത്. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലിയുടെ ബാറ്റ് 100 കണ്ടെത്തിയത്. അന്ന് മാച്ച് വിന്നിംഗ്‌ 136 കോലി സ്വന്തമാക്കി. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന ഏഴ് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ. അവസാന സെഞ്ചുറിക്ക് ശേഷം മൂന്ന് ഫോര്‍മാറ്റുകളിലുമായി 2537 റണ്‍സ് കോലി നേടിയപ്പോള്‍ 24 അര്‍ധ സെഞ്ചുറികള്‍ പിറന്നു. എന്നാല്‍ ഒരിക്കല്‍ പോലും മൂന്നക്കത്തിലേക്ക് എത്താനായില്ല. 

ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പര ജേതാക്കളെ ഇന്നറിയാം. മാഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നരയ്ക്കാണ് നിർണായകമായ മൂന്നാം ഏകദിനം. ഓവലിൽ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോള്‍ ലോർഡ്സിൽ 100 റണ്‍സിന് ജയിച്ച് ഇംഗ്ലണ്ട് ഒപ്പമെത്തുകയായിരുന്നു. ഇന്ന് മാഞ്ചസ്റ്ററിൽ ജയിക്കുന്നവരെ കാത്തിരിക്കുന്നത് പരമ്പര വിജയം. ഇന്ത്യ ബാറ്റിംഗ് നിരയുടെ കരുത്തുകൂട്ടാൻ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഷാർദുൽ താക്കൂറിനെ ഉൾപ്പെടുത്തിയേക്കും. മറ്റ് മാറ്റത്തിന് സാധ്യതയില്ലെങ്കിലും റൺ കണ്ടെത്താൻ വിഷമിക്കുന്ന വിരാട് കോലിയായിരിക്കും ഇന്നത്തെ മത്സരത്തിലും ശ്രദ്ധാകേന്ദ്രം.  അവസാന മത്സരത്തില്‍ 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസ് മാത്രമായിരുന്നു കോലിയുടെ സ്കോര്‍. 

IND vs ENG : രണ്ട് പേരില്‍ ഒരാളോട് സംസാരിച്ചാല്‍ ഫോമിലെത്താം; കോലിക്ക് വഴിപറഞ്ഞ് കൊടുത്ത് മുന്‍താരം

click me!