അയാളാണ് മോശം പേസര്‍, എന്നിട്ടും...കോലിയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് വോണ്‍

By Web TeamFirst Published Aug 27, 2021, 1:55 PM IST
Highlights

രണ്ടാംദിനം കോലിയുടെ പാളിയ തന്ത്രം പേസര്‍ ഇഷാന്ത് ശര്‍മ്മയെ കൊണ്ട് ബൗളിംഗ് ആരംഭിച്ചതാണ് എന്ന് വിമര്‍ശനം

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വലിയ പ്രതിരോധത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആദ്യ ഇന്നിംഗ്‌സില്‍ വെറും 78 റണ്‍സില്‍ പുറത്തായ ഇന്ത്യക്കെതിരെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 345 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ് ഇംഗ്ലണ്ട് നേടിക്കഴിഞ്ഞു. രണ്ടാംദിനം കോലിയുടെ പാളിയ തന്ത്രം പേസര്‍ ഇഷാന്ത് ശര്‍മ്മയെ കൊണ്ട് ബൗളിംഗ് ആരംഭിച്ചതാണ് എന്ന് വിമര്‍ശിക്കുകയാണ് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. 

'ഇഷാന്ത് ശര്‍മ്മയായിരുന്നു കഴിഞ്ഞ ദിവസത്തെ ഏറ്റവും മോശം ഇന്ത്യന്‍ പേസര്‍. എന്നിട്ടും തൊട്ടടുത്ത ദിവസം അദേഹത്തെ വച്ച് കോലി ബൗളിംഗ് തുടങ്ങി. മികച്ച ഫലമാണ് വേണ്ടതെങ്കില്‍ ടീമിലെ ഏറ്റവും മികച്ച ബൗളറായ ജസ്‌പ്രീത് ബുമ്രയെയായിരുന്നു പന്തേല്‍പിക്കേണ്ടിയിരുന്നത്. ഷമി ന്യൂബോള്‍ എടുത്തില്ല. ഇതിന് പറയാന്‍ കോലിക്ക് കാരണങ്ങളൊന്നുമില്ല. ലീഡ്‌സിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും പദ്ധതികള്‍ അതിനനുസരിച്ച് മാറ്റാനും കോലിപ്പടയ്‌ക്ക് കഴിഞ്ഞില്ല' എന്നും വോണ്‍ പോഡ്‌കാസ്റ്റില്‍ വിമര്‍ശിച്ചു.  

റണ്‍സ് വഴങ്ങി, വിക്കറ്റില്ലാതെ ഇഷാന്ത്

ലീഡ്‌സിലെ രണ്ടാംദിനം താളം കണ്ടെത്താനാവാതെ ഉഴലുകയായിരുന്നു ഇഷാന്ത് ശര്‍മ്മ. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് ശര്‍മ്മയാണ്. 22 ഓവറില്‍ 92 റണ്‍സ് വിട്ടുകൊടുത്തു. ഇന്ത്യന്‍ നിരയിലെ അഞ്ച് ബൗളര്‍മാരില്‍ വിക്കറ്റില്ലാത്ത ഏകയാളും ഇഷാന്താണ്. ബുമ്ര 58 ഉം സിറാജ് 86 ഉം ഷമി 87 ഉം ജഡേജ 88 ഉം റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടി. 

ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് പിടിമുറുക്കിയിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് 345 റൺസ് ലീഡായി. എട്ട് വിക്കറ്റിന് 423 റൺസെന്ന നിലയിൽ ഇംഗ്ലണ്ട് ഇന്ന് മൂന്നാം ദിവസം പുനരാരംഭിക്കും. ഒവേര്‍ട്ടനും(24*) റോബിന്‍സണുമാണ്(0*) ക്രീസില്‍. 

പരമ്പരയിലെ മൂന്നാമത്തെ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 121 റൺസെടുത്തു. റോറി ബേൺസ് 61ഉം ഹസീബ് ഹമീദ് 68ഉം ഡേവിഡ് മാലന്‍ 70ഉം ജോസ് ബട്‌ലര്‍ ഏഴും റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം എടുത്തു. നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 78 റൺസിന് ഓള്‍ഔട്ടായിരുന്നു. 

ലീഡ്‌സില്‍ ഹിമാലയന്‍ ലീഡുമായി ഇംഗ്ലണ്ട്, ഇന്ത്യക്കിനി റണ്‍മലകയറ്റം

സെഞ്ചുറിക്കുതിപ്പ്; പോണ്ടിംഗിന്‍റെ റെക്കോര്‍ഡിനരികെ റൂട്ട്

ഇതിഹാസങ്ങളെ പിന്നിലാക്കി ലീഡ്സില്‍ റെക്കോര്‍ഡ് അടിച്ചെടുത്ത് റൂട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!