ENG vs IND : ധോണിയെ ഓ‍ര്‍മ്മിപ്പിച്ച് ക്യാപ്റ്റന്‍സിയിലേക്ക്; ചരിത്രം രചിക്കുമോ ബുമ്ര, മുന്നില്‍ വന്‍ സാധ്യത

Published : Jul 01, 2022, 11:35 AM ISTUpdated : Jul 01, 2022, 11:39 AM IST
ENG vs IND : ധോണിയെ ഓ‍ര്‍മ്മിപ്പിച്ച് ക്യാപ്റ്റന്‍സിയിലേക്ക്; ചരിത്രം രചിക്കുമോ ബുമ്ര, മുന്നില്‍ വന്‍ സാധ്യത

Synopsis

ഒരു ഫോർമാറ്റിലും ഇന്ത്യക്കായി കളിക്കാൻ യോഗ്യതയില്ലെന്ന് പലരും വിധിയെഴുതിയ ബൗളറായിരുന്നു ഒരു കാലത്ത് ജസ്പ്രീത് ബുമ്ര

എഡ്ജ്ബാസ്റ്റണ്‍: ഒരു വ‌ർഷത്തിനിടെ ഇന്ത്യൻ ടീമിനെ(Team India) നയിക്കുന്ന ആറാമത്തെ താരമാണ് പേസ‍ര്‍ ജസ്പ്രീത് ബുമ്ര(Jasprit Bumrah). ഇന്ത്യൻ ബൗളിംഗിന്‍റെ നേതൃത്വത്തിലേക്കും പിന്നീട് ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനത്തേക്കുമുള്ള ബുമ്രയുടെ വളർച്ച അവിശ്വസനീയമാണ്. ഒരു ടീമിനെയും നയിക്കാതെ ഇന്ത്യൻ ടീമിനെ ദീർഘകാലം നയിച്ച മഹേന്ദ്ര സിംഗ് ധോണിയെ(MS Dhoni) ഓർമിപ്പിച്ചുകൊണ്ടായിരുന്നു ബുമ്രയുടെ ആദ്യ വാർത്താസമ്മേളനം. അനുഭവ സമ്പത്തുള്ള നിരവധി താരങ്ങൾ ടീമിലുണ്ടെന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ബുമ്ര പറഞ്ഞു.

ഒരു ഫോർമാറ്റിലും ഇന്ത്യക്കായി കളിക്കാൻ യോഗ്യതയില്ലെന്ന് പലരും വിധിയെഴുതിയ ബൗളറായിരുന്നു ഒരു കാലത്ത് ജസ്പ്രീത് ബുമ്ര. വിചിത്രമായ ബൗളിംഗ് ആക്ഷനു രീതികളുമൊക്കെ പലപ്പോഴും കളിയാക്കലുകൾക്ക് വിധേയമായി. അരങ്ങേറി ആറ് വർഷത്തിനിടെ ഈ അഹമ്മദാബാദുകാരൻ പക്ഷേ ഇന്ത്യൻ ടീമിന്‍റെ അവിഭാജ്യഘടകമാകുന്നതാണ് പിന്നീട് കണ്ടത്. 2016ൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറിയ ബുമ്ര 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് അപ്രതീക്ഷിതമായി ടെസ്റ്റ് ടീമിലെത്തുന്നത്. രവി ശാസ്ത്രിയുടെ പരിശീലനത്തിൽ ബുമ്ര ഇന്ത്യയുടെ വിശ്വസ്തനായ ബൗളറായി മാറിയത് അതിവേഗമായിരുന്നു.

ഓസ്ട്രേലിയയിലെ പരമ്പര വിജയത്തിലും ബുമ്രയുടെ പ്രകടനം നിർണായകമായി. പേസിന് പ്രാധാന്യമുള്ള വിദേശത്തെ പിച്ചുകളിൽ ഇന്ത്യയുടെ വജ്രായുധമായി ബുമ്ര മാറി. മത്സരിച്ച ഒരു ടീമിന്‍റെയും നായകനാകാതെയാണ് ബുമ്ര ഇന്ത്യയുടെ ടെസ്റ്റ് നായക പദവിയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യക്ക് ആദ്യ ലോകകിരീടം സമ്മാനിച്ച കപിൽ ദേവിന് ശേഷം ആദ്യമായി ഒരു ഫാസ്റ്റ്ബൗളർ ഇന്ത്യൻ ടീമിനെ നയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ബാറ്റർമാർക്ക് സൂപ്പർതാരപരിവേഷമുള്ള ഇന്ത്യൻക്രിക്കറ്റിൽ ഒരു മത്സരത്തിലെങ്കിലും ഒരു ബൗളർ ക്യാപ്റ്റനാകുന്നുവെന്നത് ചെറിയ കാര്യമല്ല. രോഹിത് ശ‍ര്‍മ്മയുടെ പ്രായവും കെ എൽ രാഹുലിന്‍റെ ക്യാപ്റ്റൻസിയിലെ പരാജയവും കണക്കിലെടുക്കുമ്പോൾ നായകനായി തിളങ്ങിയാൽ ദീർഘകാലത്തേക്ക് ജസ്പ്രീത് ബുമ്രയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റ് തുടങ്ങുക. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലൻഡിനെ 3-0ന് തകർത്താണ് ഇംഗ്ലണ്ട് വരുന്നത്. ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള ജിമ്മി ആൻഡേഴ്സൻ ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തും. ബെൻ സ്റ്റോക്സിനും ബ്രണ്ടൻ മക്കല്ലത്തിനും കീഴിൽ മിന്നുംഫോമിലുള്ള ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ കടുത്ത വെല്ലുവിളിയാകും. കെ എൽ രാഹുലിന് പരിക്കേറ്റതും രോഹിത് ശർമ്മയ്ക്ക് കൊവി‍ഡ് ബാധിച്ചതും ഇന്ത്യയ്ക്ക് ബാറ്റിംഗിൽ ആശങ്കയാണ്. എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ഒരു ടെസ്റ്റ് മത്സരവും ജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 

ENG vs IND : ഇംഗ്ലീഷ് പരീക്ഷ ജയിക്കാന്‍ ഇന്ത്യ; അഞ്ചാം ടെസ്റ്റ് ഇന്നുമുതല്‍, ജയിച്ചാല്‍ ചരിത്രം
 

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍