
എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്(ENG vs IND 5th Test) ഇന്ന് തുടക്കം. വൈകിട്ട് മൂന്നരയ്ക്ക് എഡ്ജ്ബാസ്റ്റണിലാണ്(Edgbaston Test) കളി തുടങ്ങുക. കൊവിഡ് ബാധിതനായ രോഹിത് ശര്‍മ്മയ്ക്ക്(Rohit Sharma) പകരം ജസ്പ്രീത് ബുമ്രയാണ്(Jasprit Bumrah) ഇന്ത്യയെ നയിക്കുക.
ഓപ്പണിംഗില്‍ ആരൊക്കെ
പുതിയ ക്യാപ്റ്റന്മാർ, പുതിയ പരിശീലകർ, പുതിയ പ്രതീക്ഷകൾ. ഇന്ത്യയും ഇംഗ്ലണ്ടും എഡ്ജ്ബാസ്റ്റണിൽ കൊമ്പുകോർക്കുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമിനും തൃപ്തിനൽകില്ല. തോൽക്കാതിരുന്നാൽ ചരിത്രനേട്ടം സ്വന്തമാക്കാം ഇന്ത്യക്ക്. ജയിച്ചാൽ ബെൻ സ്റ്റോക്സിന് കീഴിൽ അപരാജിത മുന്നേറ്റം തുടരാം ഇംഗ്ലണ്ടിന്. കെ എൽ രാഹുലിന് പരിക്കേറ്റതും രോഹിത് ശർമ്മയ്ക്ക് കൊവിഡ് ബാധിച്ചതും ഇന്ത്യയ്ക്ക് ബാറ്റിംഗിൽ ആശങ്കയാണ്. ശുഭ്മാൻ ഗില്ലിനൊപ്പം ചേതേശ്വർ പുജാര, മായങ്ക് അഗർവാൾ, കെ എസ് ഭരത്, ഹനുമ വിഹാരി എന്നിവരിൽ ഒരാൾ ഓപ്പണിംഗിലെത്തും.
ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാകും പേസർമാർ. ഓൾറൗണ്ടറായി ഷാർദൂൽ ഠാക്കൂറോ, രവിചന്ദ്രൻ അശ്വിനോ ടീമിലെത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലൻഡിനെ 3-0ന് തകർത്താണ് ഇംഗ്ലണ്ട് വരുന്നത്. ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള ജിമ്മി ആൻഡേഴ്സൻ ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തും. ബെൻ സ്റ്റോക്സിനും ബ്രണ്ടൻ മക്കല്ലത്തിനും കീഴിൽ മിന്നുംഫോമിലുള്ള ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ കടുത്ത വെല്ലുവിളിയാകും. എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ഒരു ടെസ്റ്റ് മത്സരവും ജയിച്ചിട്ടില്ലെന്ന ചരിത്രവും ഇന്ത്യക്ക് തിരുത്തേണ്ടതുണ്ട്.
ചരിത്രം കുറിക്കാന്‍ ബുമ്ര
കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ഇന്നുമുതല്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസറെന്ന റെക്കോര്‍ഡാണ് ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത്. ഇതിഹാസ താരം കപില്‍ ദേവാണ് ഇന്ത്യയെ അവസാനമായി ടെസ്റ്റില്‍ നയിച്ച പേസര്‍. 1987ല്‍ പാകിസ്ഥാനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അത്.
ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പുജാര, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), കെ എസ് ഭരത്(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ. ആർ അശ്വിന്‍. ഷർദ്ദുല്‍ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മായങ്ക് അഗർവാള്‍.