
എഡ്‍ജ്ബാസ്റ്റണ്‍: എഡ്‍ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍(ENG vs IND 5th Test) ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സില്‍ കലക്കന്‍ സെഞ്ചുറിയുമായി തന്‍റെ ബാറ്റിംഗ് മികവ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ(Ravindra Jadeja). ഇതോടെ വരുന്ന ഐപിഎല്‍(IPL) സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്സ്(Chennai Super Kings) നായകനായി ജഡേജ തിരിച്ചെത്തുമോ എന്നായി ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. രണ്ട് വാക്കില്‍ ഇതിന് മറുപടി പറഞ്ഞ ജഡേജ ഇന്ത്യന്‍ കുപ്പായത്തില്‍ മികവ് കാട്ടുന്നതില്‍ മാത്രമാണ് നിലവിലെ ശ്രദ്ധ എന്ന് വിശദീകരിച്ചു.
ശ്രദ്ധ ഇന്ത്യന്‍ കുപ്പായത്തില്‍
ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ശക്തമായി തിരിച്ചെത്തുന്ന കാര്യം ഇപ്പോള്‍ ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്‍റെ പ്രതികരണം ഇങ്ങനെ. 'ഒരിക്കലും ഇല്ല, ഐപിഎല്‍ ഇപ്പോള്‍ എന്‍റെ മനസിലേ ഇല്ല. ഇന്ത്യക്കായി കളിക്കുമ്പോള്‍ ശ്രദ്ധ മുഴുവന്‍ അതില്‍ മാത്രമായിരിക്കണം. ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനേക്കാള്‍ വലിയ സംതൃപ്തിയില്ല. ഇന്ത്യക്ക് പുറത്ത്, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്നത് ഏറെ വലിയ കാര്യമാണ്. താരമെന്ന നിലയില്‍ ആത്മവിശ്വാസം നല്കുന്ന കാര്യം. ഇംഗ്ലണ്ടിലെ സ്വിങ് സാഹചര്യങ്ങളില്‍ മൂന്നക്കം കാണുന്നത് ഒരുപാട് സന്തോഷം നല്‍കുന്നതായും' രവീന്ദ്ര ജഡേജ രണ്ടാംദിനം മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഐപിഎല്‍ പതിനഞ്ചാം സീസണിന് മുമ്പ് എം എസ് ധോണി നായകപദവി ഒഴിഞ്ഞതോടെയാണ് സിഎസ്കെ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയത്. എന്നാല്‍ ആദ്യ ആറ് മത്സരങ്ങളില്‍ രണ്ട് മത്സരം മാത്രമേ ചെന്നൈ ടീം ജയിച്ചുള്ളൂ. പിന്നാലെ ജഡേജ പരിക്കേറ്റ് സീസണില്‍ നിന്ന് പുറത്താവുകയും ധോണി ക്യാപ്റ്റനായി മടങ്ങിയെത്തുകയും ചെയ്തു. എന്നാല്‍ ജഡേജയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിന് മറ്റ് കാരണങ്ങളുണ്ട് എന്ന അഭ്യൂഹം ശക്തമായിരുന്നു. പരിക്കിനെ തുടര്‍ന്നാണ് ജഡേജയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റിയതെന്നായിരുന്നു അന്ന് ധോണി നല്‍കിയ വിശദീകരണം. സീസണില്‍ ബാറ്റിംഗിലും ബൗളിംഗിലും ജഡേജ തിളങ്ങിയിരുന്നില്ല. 10 കളിയില്‍ 116 റണ്‍സും അഞ്ച് വിക്കറ്റും മാത്രമായിരുന്നു ജഡേജയുടെ നേട്ടം.
ജഡ്ഡു സ്റ്റൈല്‍ വീണ്ടും
എഡ്‍ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍(17), ചേതേശ്വർ പുജാര(13), വിരാട് കോലി(11), ഹനുമാ വിഹാരി(20) ഉള്‍പ്പെടെയുള്ള മുന്‍നിരതാരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടാനായിരുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (146), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജഡേജയുടെ മൂന്നാം ടെസ്റ്റ് ശതകമാണിത്. ഒരുഘട്ടത്തില്‍ അഞ്ചിന് 98 എന്ന നിലയില്‍ തകർച്ച നേരിട്ടിരുന്നു ഇന്ത്യ. ഇരുവരും കൂട്ടിച്ചേർത്ത 222 റണ്‍സ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. പിന്നീട് ജസ്പ്രീത് ബുമ്രയുടെ(16 പന്തില്‍ 31) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 400 കടക്കുകയായിരുന്നു.