'ഇന്ത്യയുടെ പരിശീലകനാവാന്‍ ദ്രാവിഡിനേക്കാള്‍ മികച്ച മറ്റൊരാളില്ല'; പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി

By Web TeamFirst Published Jul 3, 2022, 4:03 PM IST
Highlights

ശാസ്ത്രിക്ക് ഓസ്‌ട്രേലിയയില്‍ രണ്ട് ടെസ്റ്റ് പരമ്പരകള്‍ ജയിച്ച ഇന്ത്യ, ഇംഗ്ലണ്ടില്‍ 2-1ന് മുന്നിലാണ്. എന്നാല്‍ ഐസിസി കിരീടങ്ങളൊന്നും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ടി20 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റതോടെയാണ് ശാസ്ത്രി പരിശീലക സ്ഥാനത്ത് നിന്ന് മാറുന്നത്.

മുംബൈ: ഇന്ത്യന്‍ കോച്ചായിരുന്ന രവി ശാസ്ത്രി (Ravi Shastri) വിജയകരമായിട്ടാണ് തന്റെ കാലയളവ് പൂര്‍ത്തിയാക്കിയത്. ശാസ്ത്രിക്ക് ഓസ്‌ട്രേലിയയില്‍ രണ്ട് ടെസ്റ്റ് പരമ്പരകള്‍ ജയിച്ച ഇന്ത്യ, ഇംഗ്ലണ്ടില്‍ 2-1ന് മുന്നിലാണ്. എന്നാല്‍ ഐസിസി കിരീടങ്ങളൊന്നും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ടി20 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റതോടെയാണ് ശാസ്ത്രി പരിശീലക സ്ഥാനത്ത് നിന്ന് മാറുന്നത്. പിന്നാലെ രാഹുല്‍ ദ്രാവിഡ് (Rahul Dravid) സ്ഥാനമേറ്റെടുത്തു. വൈകാതെ വിരാട് കോലിയുടെ നായകസ്ഥാനവും നഷ്ടമായി. രോഹിത് ശര്‍മയാണ് (Rohit Sharma) പിന്നീട് ക്യാപ്റ്റനാകുന്നത്.

ഇപ്പോള്‍ ദ്രാവിഡിനെ കുറിച്ച് സംസാരിക്കുകയാണ് ശാസ്ത്രി. തന്റെ സ്ഥാനമേറ്റെടുക്കാന്‍ പറ്റിയ ആളാണ് ദ്രാവിഡെന്നാണ് ശാസ്ത്രി പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഈ ജോലിക്ക് നന്ദിയും കടപ്പാടുമൊന്നും പ്രതീക്ഷിക്കരതുത്. കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് ആരാധകര്‍ ഓരോ ദിവസവും നിങ്ങളെ വിലയിരുത്തികൊണ്ടിരിക്കും. അതില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ല. എപ്പോഴും ജയിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അവരുടെ ആഗ്രഹങ്ങള്‍ വലുതാണ്. കഴിഞ്ഞ ഏഴ് വര്‍ഷം ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ കളിക്കുന്ന ടീമിനെ ഒരുക്കിയെടുക്കാന്‍ എനിക്ക് സാധിച്ചു.'' ശാസ്ത്രി പറഞ്ഞു. 

''ഐസിസി കിരീടങ്ങള്‍ നേടാനായില്ലെന്നുള്ളത് മാത്രമായിരുന്നു എന്റെ കാലയളവില്‍ തോന്നിയിരുന്ന പോരായ്മ. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിവിധ രാജ്യങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചു. ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ടെസ്റ്റ് പരമ്പര നേടി. ഇംഗ്ലണ്ടില്‍ 2-1ന് മുന്നിലെത്താന്‍ സാധിച്ചു. നേട്ടങ്ങള്‍ക്കെല്ലാം വിരാട് കോലിയും കാരണക്കാരനാണ്. അവന്‍ മുന്നില്‍ നിന്ന് നയിച്ചു. പേസര്‍മാര്‍ മനോഹരമായി പ്രതികരിച്ചു.'' ശാസ്ത്രി വ്യക്തമാക്കി. 

ശാസ്ത്രി ദ്രാവിഡിനെ കുറിച്ച് പറഞ്ഞതിങ്ങനെ... ''എനിക്ക് ശേഷം പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനേക്കാള്‍ യോജിച്ച മറ്റൊരാളില്ല. യാദൃശ്ചികമായിട്ടാണ് എനിക്ക് കോച്ചിംഗ് ജോലി കിട്ടിയത്. ഇക്കാര്യം ഞാന്‍ ദ്രാവിഡിനോട് പറഞ്ഞിട്ടുമുണ്ട്. എന്നോട് സ്ഥാനമേറ്റെടുക്കാന്‍ പറയുമ്പോള്‍ ഞാന്‍ കമന്ററി ബോക്‌സിലായിരുന്നു. ദ്രാവിഡ് അന്ന് അണ്ടര്‍ 19 പരിശീലകനായിരുന്നു. പദ്ധതികള്‍ക്കനുസരിച്ച് ടീം വിജയിക്കുമ്പോള്‍ അദ്ദേഹവും ഇന്ത്യന്‍ ടീമിനൊപ്പമുള്ള യാത്ര ആസ്വദിക്കും.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി.

2014ലാണ് ശാസ്ത്രി ഇന്ത്യയുടെ ക്രിക്കറ്റ് ഡയറക്റ്ററാകുന്നത്. പിന്നീട് 2017ല്‍ പ്രധാന കോച്ചായി തിരിച്ചെത്തി. 2019ല്‍ ഒരിക്കല്‍കൂടി ശാസ്ത്രിയെ തിരിച്ചുകൊണ്ടുവരികയായിരുന്നു.

click me!