
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടെസ്റ്റ്(ENG vs IND) ഇന്ത്യ തോറ്റ് പരമ്പര സമനിലയിലായെങ്കിലും മികച്ച ബാറ്റിംഗ് പുറത്തെടുത്ത വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്(Rishabh Pant) പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ(Rahul Dravid) പ്രശംസ. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് റിഷഭ് കാഴ്ചവെക്കുന്നതെന്ന് ദ്രാവിഡ് പറഞ്ഞു. എഡ്‍ജ്‍ബാസ്റ്റണില്‍ അവസാനിച്ച അഞ്ചാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 111 പന്തില്‍ 20 ഫോറും നാല് സിക്സും സഹിതം 146 ഉം രണ്ടാം ഇന്നിംഗ്സില്‍ 86 പന്തില്‍ എട്ട് ബൗണ്ടറികളോടെ 57 ഉം റണ്‍സ് റിഷഭ് പന്ത് നേടിയിരുന്നു.
'കേപ്ടൗണിലെ റിഷഭ് പന്തിന്‍റെ സെഞ്ചുറിയും ഏറെ ഗംഭീരമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. കാണുന്നവരുടെ ചങ്കിടിപ്പ് കൂട്ടിയാണ് റിഷഭിന്‍റെ ബാറ്റിംഗ്. എന്നാല്‍ നമ്മളിപ്പോള്‍ അതുമായി താതാത്മ്യപ്പെട്ടുകഴിഞ്ഞു. കളിക്കാന്‍ പാടില്ല എന്ന് തോന്നുന്ന ഷോട്ടുകളാണ് അദേഹം ചിലപ്പോള്‍ കളിക്കുന്നത്. എന്നാല്‍ അത് അംഗീകരിച്ചേ മതിയാകൂ. ടെസ്റ്റ് ക്രിക്കറ്റിനെ എങ്ങനെ മാറ്റിമറിക്കാമെന്ന് ദക്ഷിണാഫ്രിക്കയിലും ഇപ്പോള്‍ ഇംഗ്ലണ്ടിലും അദേഹം കാണിച്ചുതന്നിട്ടുണ്ട്. എല്ലാ ബോളിലും സാഹസികത കാട്ടുന്നില്ല. പന്തിനായി കാത്തിരുന്ന് കളിക്കുകയാണ് റിഷഭ് പന്ത് ചെയ്യുന്നത്' എന്നും ബാറ്റിംഗ് ഇതിഹാസം കൂടിയായ രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേർത്തു.
എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 222 റണ്‍സ് കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ പടുത്തുയർത്തിയിരുന്നു. 98-5 എന്ന നിലയില്‍ തകർന്ന ഇന്ത്യക്കായായിരുന്നു ഇരുവരുടേയും രക്ഷാപ്രവർത്തനം. രണ്ടാം ഇന്നിംഗ്സില്‍ പക്ഷേ റിഷഭിന് കാര്യമായ പിന്തുണ സഹതാരങ്ങളില്‍ നിന്നുണ്ടായില്ല.
ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള അവസരം ടീം ഇന്ത്യക്ക് നഷ്ടമായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയത്തോടെ പരമ്പരയില്‍ 2-2ന് സമനില നേടി. ജോണി ബെയ്ര്‍സ്‌റ്റോ(114*), ജോ റൂട്ട് (142*) എന്നിവര്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ബോര്‍ഡ് ഇന്ത്യ: 416, 245 & ഇംഗ്ലണ്ട്: 284, 378. 378 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ അഞ്ചാംദിനം ആദ്യ സെഷനില്‍ വിജയം കണ്ടെത്തി. ബെയ്ർസ്റ്റോ-റൂട്ട് സഖ്യം 269 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോണി ബെയ്ർസ്റ്റോ കളിയിലേയും ജസ്പ്രീത് ബുമ്രയും ജോ റൂട്ടും പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!