ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള അവസരം ടീം ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇതിന് പിന്നാലെ പോയിന്‍റ് പട്ടികയിലും ഇന്ത്യ തിരിച്ചടി നേരിട്ടിരുന്നു. 

എഡ്‍ജ്‍ബാസ്റ്റണ്‍: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍(ICC World Test Championship 2021-2023) ഇന്ത്യന്‍ ടീം(Team India) ഫൈനിലെത്താനുള്ള സാധ്യത കുറവെന്ന് മുന്‍ ഓപ്പണർ വസീം ജാഫർ. 'നിലവിലെ ഫലങ്ങള്‍ വച്ച് ഫൈനലിലെത്തുക ഇന്ത്യക്ക് പ്രയാസമാണ്. ഇന്ത്യ ഇനി ഏറെ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ പോകുന്നുമില്ല' എന്ന് ജാഫർ(Wasim Jaffer) വ്യക്തമാക്കി. എഡ്‍ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റില്‍(ENG vs IND 5th Test) രണ്ട് പോയിന്‍റ് പെനാല്‍റ്റി ടീം ഇന്ത്യക്ക് ലഭിച്ചതോടെയാണ് ജാഫറിന്‍റെ പ്രതികരണം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് മത്സരങ്ങളാണ് ഇന്ത്യക്ക് അവശേഷിക്കുന്നത്. 

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള അവസരം ടീം ഇന്ത്യക്ക് നഷ്ടമായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയത്തോടെ പരമ്പരയില്‍ 2-2ന് തുല്യത നേടിയതോടെയാണിത്. ജോണി ബെയ്ര്‍സ്‌റ്റോ(114*), ജോ റൂട്ട് (142*) എന്നിവര്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ബോര്‍ഡ് ഇന്ത്യ: 416, 245 & ഇംഗ്ലണ്ട്: 284, 378. 378 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ അഞ്ചാംദിനം ആദ്യ സെഷനില്‍ വിജയം കണ്ടെത്തി. ബെയ്ർസ്റ്റോ-റൂട്ട് സഖ്യം 269 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോണി ബെയ്ർസ്റ്റോ കളിയിലേയും ജസ്പ്രീത് ബുമ്രയും ജോ റൂട്ടും പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യക്ക് ഇരട്ട പ്രഹരം

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടിയുണ്ടായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ പരമ്പരയില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യയുടെ പോയിന്‍റ് വെട്ടിക്കുറച്ചു. രണ്ട് പോയിന്‍റാണ് വെട്ടിക്കുറച്ചത്. പോയിന്‍റ് വെട്ടിക്കുറച്ചതിന് പുറമെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ ചുമത്തുകയും ചെയ്തു. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രണ്ട് പോയിന്‍റ് കൂടി നഷ്ടമായതോടെ ഇന്ത്യ പട്ടികയില്‍ പാക്കിസ്ഥാന് പിന്നില്‍ നാലാം സ്ഥാനത്തേക്ക് വീണു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കിപ്പോള്‍ 75 പോയിന്‍റാണുള്ളത്.(പോയിന്‍റ് ശതമാനം 52.38). ഓസീസ് ഒന്നും ദക്ഷിണാഫ്രിക്ക രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി