
നോട്ടിങ്ഹാം: ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്(England vs New Zealand) ആവേശകരമായ അന്ത്യത്തിലേക്ക്. ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 553 റണ്‍സിന് മറുപടിയായി 539 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 224 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ആവേശം കൂട്ടി. അവസാന ദിനം ക്രീസിലിറങ്ങുമ്പോള്‍ മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിന് 238 റണ്‍സിന്‍റെ ആകെ ലീഡാണുള്ളത്. 32 റണ്‍സുമായി ക്രീസിലുള്ള ഡാരില്‍ മിച്ചലിലാണ് കിവീസിന്‍റെ പ്രതീക്ഷ. സ്കോര്‍ ന്യൂസിലന്‍ഡ് 553ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് 539ന് ഓള്‍ ഔട്ട്, 224-7.
രണ്ടാം ഇന്നിംഗ്സില്‍ തുടക്കത്തിലെ ക്യാപ്റ്റന്‍ ടോം ലാഥമിനെ(4) ആന്‍ഡേഴ്സണ്‍ മടക്കിയെങ്കിലും വില്‍ യങും(56), ഡെവോണ്‍ കോണ്‍വെയും(52) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കിവീസിനെ കരകയറ്റി. എന്നാല്‍ കോണ്‍വെയെ ലീച്ചും നിക്കോള്‍സിനെ(3) മാറ്റി പോട്ടും പുറത്താക്കുകയും യങ് റണ്ണൗട്ടാവുകയും ചെയ്തതോടെ കിവീസ് പ്രതിരോധത്തിലായി. ഡാരില്‍ മിച്ചലും ടോം ബ്ലണ്ടലും ചേര്‍ന്ന് ആദ്യ ഇന്നിംഗ്സിലേതുപോലെ വീണ്ടും കിവീസിന്‍റെ രക്ഷക്കെത്തി.
24 റണ്‍സെടുത്ത ബ്ലണ്ടലിനെ ബ്രോഡും 25 റണ്‍സെടുത്ത ബ്രേസ്‌വെല്ലിനെ(25) പോട്ടും മടക്കി കിവീസിനെ വീണ്ടും തകര്‍ച്ചയിലാക്കി. ടിം സൗത്തി ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടാവുയും ചെയ്തു. മാറ്റ് ഹെന്‍റിയെ(8) കൂട്ടുപിടിച്ച് മിച്ചല്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ കിവീസിനെ 224 റണ്‍സിലെത്തിച്ചു. ഇംഗ്ലണ്ടിനായി മാറ്റി പോട്ട് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങി ഇംഗ്ലണ്ട് 539 റണ്‍സിന് ഓള്‍ ഔട്ടായി. 176 റണ്‍സെടുത്ത ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. കിവീസിനായി ട്രെന്‍റ് ബോള്‍ട്ട് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ബ്രേസ്‌വെല്‍ മൂന്ന് വിക്കറ്റെടുത്തു.