ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി ഇംഗ്ലണ്ട് താരം മൊയീന്‍ അലി

By Web TeamFirst Published Sep 27, 2021, 2:11 PM IST
Highlights

പ്രചോദിപ്പിക്കാന്‍ അരെങ്കിലും ഉണ്ടാകുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ബ്രിട്ടീഷുകാരനല്ലാതിരുന്നിട്ടും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഹാഷിം അംലക്ക് സ്ഥാനം നേടാനായത് എന്നെ ശരിക്കും പ്രചോദിപ്പിച്ചിരുന്നു. അദ്ദേഹത്തെ ആദ്യം കണ്ടപ്പോള്‍ അദ്ദേഹത്തിന് അത് ചെയ്യാമെങ്കില്‍ എനിക്കും എന്തുകൊണ്ട് ചെയ്തുകൂടാ എന്നാണ് ഞാന്‍ ചിന്തിച്ചത്.

ദുബായ്: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി(Moeen Ali) ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളില്‍ കളിച്ച 34 കാരനായ അലി 194 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും  ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടെ 2916 റണ്‍സും സ്വന്തമാക്കി. 155 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 53 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2014ല്‍ ശ്രീലങ്കക്കെതിരെ ലോര്‍ഡ്സിലായിരുന്നു പാക് വംശജനായ മൊയീന്‍ അലിയുുടെ ടെസ്റ്റ് അരങ്ങേറ്റം. ഈ മാസം ഇന്ത്യക്കെതിരെ ഓവലിലാണ് അവസാന ടെസ്റ്റ് കളിച്ചത്.

എനിക്കിപ്പോള്‍ 34 വയസായി. ഇനിയും കഴിയുന്നിടത്തോളം കാലം ക്രിക്കറ്റ് ആസ്വദിച്ച് കളിക്കാനാണ് തീരുമാനം. ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനെക്കാള്‍ അസ്വാദകര്യമായി മറ്റൊന്നുമില്ല. ടെസ്റ്റിലെ ഓരോ നേട്ടവും അത്രമാത്രം സന്തോഷം നല്‍കുന്നതാണ്. ഇംഗ്ലണ്ട് കുപ്പായത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങുന്നത് ഞാന്‍ ശരിക്കും മിസ് ചെയ്യും.

ലോകത്തിലെ ഏറ്റവും മികച്ച ടീമുകള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നതും എന്‍റെ ഏറ്റവും മികച്ച പന്തില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതും ഞാന്‍ അത്രമേല്‍ ആസ്വദിച്ചിരുന്നു. പക്ഷെ ചിലപ്പോഴൊക്കെ ടെസ്റ്റ് മത്സരത്തിന്‍റെ തീവ്രത എനിക്ക് താങ്ങാനാവാതെ പോവുന്നുണ്ട്. എങ്കിലും എന്‍റെ കഴിവിന്‍റെ പരമാവധി പുറത്തെടുത്തു എന്ന വിശ്വാസത്തോടെ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുകയാണ്-വാര്‍ത്താക്കുറിപ്പില്‍ അലി വ്യക്തമാക്കി.

ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ തനിക്ക് കളിക്കാനായത് ബ്രിട്ടനിലെ മുസ്ലീങ്ങളായ താരങ്ങള്‍ക്ക് ഇംഗ്ലണ്ട് ടീമിലെത്താന്‍ പ്രചോദനമാകുമെന്നാണ് കരുതുന്നതെന്നും അലി പറഞ്ഞു. പ്രചോദിപ്പിക്കാന്‍ അരെങ്കിലും ഉണ്ടാകുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ബ്രിട്ടീഷുകാരനല്ലാതിരുന്നിട്ടും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഹാഷിം അംലക്ക് സ്ഥാനം നേടാനായത് എന്നെ ശരിക്കും പ്രചോദിപ്പിച്ചിരുന്നു. അദ്ദേഹത്തെ ആദ്യം കണ്ടപ്പോള്‍ അദ്ദേഹത്തിന് അത് ചെയ്യാമെങ്കില്‍ എനിക്കും എന്തുകൊണ്ട് ചെയ്തുകൂടാ എന്നാണ് ഞാന്‍ ചിന്തിച്ചത്.

അതുപോലുള്ള ചെറിയ പ്രചോദനങ്ങള്‍ ഇംഗ്ലണ്ട് ടീമിലെ എന്‍റെ സ്ഥാനം കൊണ്ടും ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മൊയീന്‍ അലിയാണ് പ്രചോദനമെന്നും അദ്ദേഹം ഇംഗ്ലണ്ട് ടീമിലെത്തിയതാണ് ടീമിലെത്താന്‍ കാരണമെന്നും അടുത്ത എട്ടോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരെങ്കിലും പറഞ്ഞാല്‍ അതാണ് വലിയ സന്തോഷം. ടെസ്റ്റ് കരിയറില്‍ ഇത്രയും കാലം പിന്തുണച്ച സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും കുടുംബത്തിനും നന്ദി പറയുന്നുവെന്നും അലി പറഞ്ഞു.

ടെസ്റ്റ് അരങ്ങേറ്റത്തിന് വഴിയൊരുക്കിയ പരിശീലകന്‍ പീറ്റര്‍ മൂറിനും ഇംഗ്ലണ്ടിന്‍റെ നിലവിലെ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിനും പ്രത്യേകം നന്ദി പറയുന്നു. അതുപോലെ എന്‍റെ ക്യാപ്റ്റന്‍മാരായിരുന്ന അലിസ്റ്റര്‍ കുക്കിനും ജോ റൂട്ടിനും നന്ദി പറയുന്നു. അവര്‍ ആഗ്രഹിച്ചതുപോലെ കളിക്കാനായെന്നാണ് തന്‍റെ വിശ്വാസമെന്നും അലി പറഞ്ഞു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ജോസ് ബട്‌ലര്‍ വിട്ടു നിന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ വൈസ് ക്യാപ്റ്റനായി മൊയീന്‍ അലിയെ തെരഞ്ഞെടുത്തിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുകയാണ് അലി ഇപ്പോള്‍.

click me!