സി.കെ. നായിഡു ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ കേരളം വിജയത്തിനരികെയാണ്. 260 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കശ്മീരിന് മൂന്നാം ദിനം കളി നിർത്തുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫിയില്‍ ജമ്മുകാശ്മീരിനെതിരെ കേരളം വിജയത്തിലേക്ക്. 260 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ജമ്മുകാശ്മീര്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയിലാണ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ കാശ്മീരിന് ജയിക്കാന്‍ 118 റണ്‍സ് കൂടി വേണം. നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിം?ഗ്‌സ് 268 റണ്‍സിന് അവസാനിച്ചിരുന്നു.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ അഹമ്മദ് ഇമ്രാന്റെ വിക്കറ്റ് നഷ്ടമായി. 72 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനെ സര്‍വ്വാശിഷ് സിങ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ പവന്‍ ശ്രീധറിനും ആദിത്യ ബൈജുവിനുമൊപ്പം മാനവ് കൃഷ്ണ കൂട്ടിച്ചേര്‍ത്ത 87 റണ്‍സാണ് കേരളത്തിന് കരുത്ത് പകര്‍ന്നത്. 61 റണ്‍സെടുത്ത മാനവ് കൃഷ്ണയെയും സര്‍വ്വാശിഷ് സിങ് തന്നെയാണ് പുറത്താക്കിയത്. പവന്‍ ശ്രീധര്‍ 24-ഉം ആദിത്യ ബൈജു 25-ഉം റണ്‍സ് നേടി. ജമ്മു കശ്മീരിന് വേണ്ടി സര്‍വ്വാശിഷ് സിങ് ആറും വിശാല്‍ കുമാര്‍ നാലും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീരിന് കേരള ബൗളര്‍മാര്‍ തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിച്ചു. ഒന്‍പത് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ കമക്ഷ് ശര്‍മ്മയുടെയും ബാസിത് നസീറിന്റെയും വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ആറ് റണ്‍സെടുത്ത കമക്ഷിനെ ആദിത്യ ബൈജുവും ബാസിത് നസീറിനെ പൂജ്യത്തിന് പവന്‍ രാജും പുറത്താക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ശിവാന്‍ഷ് ശര്‍മ്മയും ഉദയ് പ്രതാപും ചേര്‍ന്ന് 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ 22 റണ്‍സെടുത്ത ശിവാന്‍ഷ് ശര്‍മ്മയെ പുറത്താക്കി ഷോണ്‍ റോജര്‍ ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. മറുവശത്ത് 53 റണ്‍ സുമായി നിലയുറപ്പിച്ച ഉദയ് പ്രതാപിനെ ജെ.എസ്. അനുരാജ് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ആര്‍ണവ് ഗുപ്ത, ഫൈസാന്‍ അഹമ്മദ് എന്നിവരെക്കൂടി അനുരാജ് തന്നെ മടക്കിയതോടെ കളി കേരളത്തിന്റെ വരുതിയിലായി. അവസാന ഓവറുകളില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 9 വിക്കറ്റ് 142 റണ്‍സെന്ന നിലയിലാണ് ജമ്മുകാശ്മീര്‍.39 റണ്‍സുമായി റൈദ്ദാമും അക്കൗണ്ട് തുറക്കാതെ സര്‍വാഷിഷ് സിം?ഗുമാണ് ക്രീസില്‍.കേരളത്തിനായി ജെ.എസ്,അനുരാജ് 4 വിക്കറ്റും ഷോണ്‍ റോജര്‍, പവന്‍ രാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

