
ഹെഡിംഗ്‌ലെ: ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ആഷസ് ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന ഓസീസ് പ്രതീക്ഷ തകര്‍ത്ത് ഇംഗ്ലണ്ട്. ഹെഡിംഗ്‌ലെയിലെ ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഹാരി ബ്രൂക്കിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ക്രിസ് വോക്‌സ്-മാര്‍ക് വുഡ് എന്നിവരുടെ ഫിനിഷിംഗ് മികവിലും ഇംഗ്ലണ്ട് 3 വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തുകയായിരുന്നു. ലീഡ്‌സിലെ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 1-2ന് പ്രതീക്ഷ നിലനിര്‍ത്തി. ജയിച്ചിരുന്നേല്‍ ഓസീസിന് രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ പരമ്പര സ്വന്തമാക്കാമായിരുന്നു. സ്കോര്‍: ഓസ്‌ട്രേലിയ-263 & 224, ഇംഗ്ലണ്ട്-237 & 254-7).
സ്റ്റാര്‍ക്കിസം
വിക്കറ്റ് നഷ്‌ടമില്ലാതെ 27 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ജയിക്കാന്‍ 10 വിക്കറ്റും കയ്യിലിരിക്കേ 224 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത്. 18 റൺസുമായി ബെൻ ഡക്കെറ്റും ഒൻപത് റൺസുമായി സാക് ക്രോളിയുമായിരുന്നു ക്രീസില്‍. 31 പന്തില്‍ 23 നേടിയ ഓപ്പണര്‍ ഡക്കെറ്റിനെയും 15 പന്തില്‍ 5 നേടിയ മൂന്നാമന്‍ മൊയീന്‍ അലിയേയും പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഇരട്ട പ്രഹരം നല്‍കി. പിന്നാലെ 55 പന്തില്‍ 44 റണ്‍സെടുത്ത് നില്‍ക്കേ ക്രൗലിയെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി. 33 പന്തില്‍ 21 നേടിയ ജോ റൂട്ടിന്‍റെ പോരാട്ടം പാറ്റ് കമ്മിന്‍സ് അവസാനിപ്പിച്ചു. ഇതിന് ശേഷം ഹാരി ബ്രൂക്ക്-ബെന്‍ സ്റ്റോക്‌സ് സഖ്യം കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും ഒരിക്കല്‍ക്കൂടി ഹെഡിംഗ്‌ലെയില്‍ സ്റ്റോക്‌സിന്‍റെ വണ്ടര്‍ സ്റ്റാര്‍ക്ക് അനുവദിച്ചില്ല. 15 പന്തില്‍ 13 റണ്‍സെടുത്ത സ്റ്റോക്‌സിനെ വിക്കറ്റിന് പിന്നില്‍ അലക്‌സ് ക്യാരി പിടികൂടുകയായിരുന്നു.
ബ്രൂട്ടല്‍ ബ്രൂക്ക്
ജോണി ബെയ്‌ര്‍സ്റ്റോ വന്നതും പോയതും ഒരേ വേഗത്തിലായിരുന്നു. 8 പന്തില്‍ 5 റണ്ണെടുത്ത് നില്‍ക്കേ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. ഇതിന് ശേഷം ക്രീസിലൊന്നിച്ച ഹാരി ബ്രൂക്കും ക്രിസ് വോക്‌സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ അനായാസം മുന്നോട്ട് നയിച്ചു. എന്നാല്‍ ബ്രൂക്കിനെ(93 പന്തില്‍ 75) പുറത്താക്കി സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് തികച്ചതോടെ ട്വിസ്റ്റായി. എന്നാല്‍ പാറ്റ് കമ്മിന്‍സിനെ കടന്നാക്രമിച്ച് മാര്‍ക് വുഡ് ആദ്യ ഇന്നിംഗ്‌സ് ഓര്‍മ്മിപ്പിച്ചു. ഇരുവരും ടീമിനെ ജയത്തിലേക്കും ആഷസ് മടങ്ങിവരവിലേക്കും എത്തിച്ചു. വോക്‌സ് 47 പന്തില്‍ 32* ഉം, വുഡ് 8 പന്തില്‍ 16* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
മാര്‍ഷിന് സെഞ്ചുറി, വുഡിന് അഞ്ച് വിക്കറ്റ്
നേരത്തെ, മാര്‍ക്ക് വുഡ് അഞ്ചും ക്രിസ് വോക്‌സ് മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഓസീസിന് ആദ്യ ഇന്നിംഗ്‌സില്‍ 60.4 ഓവറില്‍ 263 റണ്‍സ് മാത്രമാണ് നേടാനായത്. 85 റണ്‍സിന് നാല് വിക്കറ്റ് നഷ്‌ടമായ ഓസീസിനെ സെഞ്ചുറിയുമായി മിച്ചല്‍ മാര്‍ഷാണ്(118 പന്തില്‍ 118 റണ്‍സ്) രക്ഷിച്ചത്. നൂറാം ടെസ്റ്റിനിറങ്ങിയ സ്റ്റീവ് സ്‌മിത്ത് 22 റണ്‍സില്‍ മടങ്ങി. മറുപടി ബാറ്റിംഗില്‍ പാറ്റ് കമ്മിന്‍സിന്‍റെ ആറ് വിക്കറ്റിനും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ രണ്ടും മിച്ചല്‍ മാര്‍ഷിന്‍റെയും ടോഡ് മര്‍ഫിയുടെ ഓരോ വിക്കറ്റിന്‍റേയും മുന്നില്‍ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായില്ല. 108 പന്തില്‍ 80 റണ്‍സുമായി നായകന്‍ ബെന്‍ സ്റ്റോക്‌സ് മാത്രം പോരാടിയപ്പോള്‍ ടീം 52.3 ഓവറില്‍ 237 റണ്‍സില്‍ ഓള്‍ഔട്ടായി.
തല കാത്ത് ഹെഡ്
26 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഓസീസിന് 224 റണ്‍സ് കൂടിയേ കണ്ടെത്താനായുള്ളൂ. ഉസ്‌മാന്‍ ഖവാജ 43നും ഡേവിഡ് വാര്‍ണര്‍ 1നും മാര്‍നസ് ലബുഷെയ്‌ന്‍ 33നും സ്റ്റീവന്‍ സ്‌മിത്ത് 2നും പുറത്തായപ്പോള്‍ 77 റണ്‍സുമായി ട്രാവിസ് ഹെഡാണ് രക്ഷിച്ചത്. ഇംഗ്ലണ്ടിനായി ബ്രോഡും വോക്‌സും മൂന്ന് വീതവും വുഡും അലിയും രണ്ട് വീതവും വിക്കറ്റ് നേടി. ഇതോടെ ഇംഗ്ലണ്ടിന് മുന്നില്‍ 251 റണ്‍സിന്‍റെ വിജയലക്ഷ്യം അവസാന ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ വച്ചുനീട്ടുകയായിരുന്നു.
Read more: ബൗളിംഗില്‍ മിന്നു മണി, ബാറ്റിംഗില്‍ ഹര്‍മന്‍പ്രീത് കൗര്‍; ബംഗ്ലാദേശിനെ തൂത്തെറിഞ്ഞ് ഇന്ത്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!