ബെയര്‍സ്റ്റോ വെടിക്കെട്ടില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം; പരമ്പര

Published : Jun 14, 2022, 09:58 PM ISTUpdated : Jun 14, 2022, 10:01 PM IST
ബെയര്‍സ്റ്റോ വെടിക്കെട്ടില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം; പരമ്പര

Synopsis

സ്കോര്‍ 100 കടക്കും മുമ്പ് ജാക് ലീസിനെ(44) ടിം സൗത്തി മടക്കിയതോടെ ഇംഗ്ലണ്ട് സമനിലക്കായി പ്രതിരോധത്തിലേക്ക് വലിയുമെനന് കരുതിയവരെ അമ്പരപ്പിച്ച് ബെയര്‍സ്റ്റോ തകര്‍ത്തടിച്ചു. അവസാന ദിനം ചായക്ക് പിരിയുമ്പോള്‍ 139-4 എന്ന സ്കോറിലായിരുന്നു ഇംഗ്ലണ്ട്. ആറ് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് അവസാന സെഷനില്‍ 160 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.  

നോട്ടിങ്ഹാം: ഏകദിന മത്സരത്തേക്കാള്‍ ആവേശം നിറഞ്ഞ ടെസ്റ്റ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ(England vs New Zealand) അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്. രണ്ടാം ടെസ്റ്റില്‍ അവസാന ദിനം 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 93-4ലേക്ക് വീണ് പരാജയ മുനമ്പിലായെങ്കിലും വെടിക്കെട്ട് സെഞ്ചുറിയുമായി ജോണി ബെയര്‍സ്റ്റോയും(Jonny Bairstow) പിന്തുണയുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും(Ben Stokes) നിലയുറപ്പിച്ചതോടെ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര ഇംഗ്ലണ്ട് 2-0ന് സ്വന്തമാക്കി. സ്കോര്‍ ന്യൂസിലന്‍ഡ് 553, 284, ഇംഗ്ലണ്ട് 539, 299-5.

299 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് രണ്ടാം ഓവറില്‍ തന്നെ സാക്ക് ക്രോളിയെ(0) നഷ്ടമായി. ട്രെന്‍റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. ഇംഗ്ലണ്ട് സ്കോര്‍ 50 കടന്നതിന് പിന്നാലെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഓലി പോപ്പിനെ(18) മാറ്റ് ഹെന്‍റി പുറത്താക്കി. തകര്‍പ്പന്‍ ഫോമിലുള്ള ജോ റൂട്ടിനെ(3) ബോള്‍ട്ട് മടക്കിയതോടെ 56-3ലേക്ക് വീണ ഇംഗ്ലണ്ട് പരാജയം മണത്തു. അഞ്ചാമനായി ക്രീസിലെത്തി തുടക്കം മുതല്‍ ഏകദിനശൈലിയില്‍ ബാറ്റുവീശിയ ബെയര്‍സ്റ്റോ അപ്പോഴും ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി.

മിന്നല്‍പ്പിണരായി ബെയര്‍സ്റ്റോ

സ്കോര്‍ 100 കടക്കും മുമ്പ് ജാക് ലീസിനെ(44) ടിം സൗത്തി മടക്കിയതോടെ ഇംഗ്ലണ്ട് സമനിലക്കായി പ്രതിരോധത്തിലേക്ക് വലിയുമെനന് കരുതിയവരെ അമ്പരപ്പിച്ച് ബെയര്‍സ്റ്റോ തകര്‍ത്തടിച്ചു. അവസാന ദിനം ചായക്ക് പിരിയുമ്പോള്‍ 139-4 എന്ന സ്കോറിലായിരുന്നു ഇംഗ്ലണ്ട്. ആറ് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് അവസാന സെഷനില്‍ 160 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

അസാധ്യമെന്ന് കരുതിയ ലക്ഷ്യം ബെയര്‍സ്റ്റോ വെടിക്കെട്ടിലൂടെ ഇംഗ്ലണ്ട് അടിച്ചെടുക്കുന്ന കാഴ്ചയാണ് അവസാന സെഷനില്‍ കണ്ടത്. ചായക്കുശേഷമുള്ള ആദ്യ ഓവറില്‍ തന്നെ മാറ്റ് ഹെന്‍റിയുടെ ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് 52 പന്തില്‍ ബെയര്‍സ്റ്റോ അര്‍ധസെഞ്ചുറിയിലെത്തി. പിന്നീട് മാറ്റ് ഹെന്‍റിയെയും ബോള്‍ട്ടിനെയും ബ്രേസ്‌വെല്ലിനെയും തെരഞ്ഞെുപിടിച്ച് ആക്രമിച്ച ബെയര്‍സ്റ്റോ 77 പന്തില്‍ സെഞ്ചുറിയിലെത്തി.

അര്‍ധസെഞ്ചുറിയില്‍ നിന്ന് സെഞ്ചുറിയിലെത്താനെടുത്തത് 25 പന്തുകള്‍ മാത്രം. ചായക്ക് ശേഷമുള്ള സെഷനിലെ അവസാന 20 ഓവറില്‍ ബെയര്‍സ്റ്റോയും സ്റ്റോക്സും ചേര്‍ന്ന് 179 റണ്‍സാണ് അടിച്ചുകൂട്ടിയത് ലക്ഷ്യത്തിലേക്ക് 27 റണ്‍സ് അകലെ 92 പന്തില്‍ 136 റണ്‍സടിച്ച ബെയര്‍സ്റ്റോയെ ബോള്‍ട്ട് വീഴ്ത്തിയെങ്കിലും വൈകിപ്പോയിരുന്നു. 14 ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് ബെയര്‍സ്റ്റോയുടെ വെടിക്കെട്ട് ഇന്നിംഗ്സ്.

55 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബെന്‍ സ്റ്റോക്സ് 70 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ബെയര്‍സ്റ്റോ പുറത്തായശേഷം ബെന്‍ ഫോക്സിനെ(12) കൂട്ടുപിടിച്ച് സ്റ്റോക്സ് ഇംഗ്ലണ്ടിന്‍റെ ജയം പൂര്‍ത്തിയാക്കി. ന്യൂസിലന്‍ഡിനായി ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ പരമ്പര തന്നെ സ്വന്തമാക്കാന്‍ ബെന്‍ സ്റ്റോക്സിനായി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി
സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?