ക്രീസിലുറച്ച് രോഹിത്, നിരാശരാക്കി കോലി- പൂജാര- രഹാനെ; അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

By Web TeamFirst Published Mar 5, 2021, 11:52 AM IST
Highlights

മൊട്ടേറ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 205നെതിരെ രണ്ടാംദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലിന് 80 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും 125 റണ്‍സിന് പിറകിലാണ് ഇന്ത്യ.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം. മൊട്ടേറ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 205നെതിരെ രണ്ടാംദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലിന് 80 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും 125 റണ്‍സിന് പിറകിലാണ് ഇന്ത്യ. ഇന്ന് വിരാട് കോലി (0), ചേതേശ്വര്‍ പൂജാര (17), അജിന്‍ക്യ രഹാനെ (27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്നലെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (0) പുറത്തായിരുന്നു. രോഹിത് ശര്‍മ (32)യാണ് ക്രീസിലുള്ളത്. രഹാനെയുടെ വിക്കറ്റ് വീണതോടെ ലഞ്ചിന് പിരിയുകയായിരുന്നു. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സ്, ജാക്ക് ലീച്ച് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

നിരാശപ്പെടുത്തി പൂജാരയും കോലിയും രഹാനെയും

പരമ്പരയില്‍ രണ്ടാമത്തെ ഡക്കാണ് കോലിയുടേത്. നേരത്തെ ചെന്നൈ ടെസ്റ്റില്‍ മൊയീന്‍ അലിയുടെ പന്തില്‍ കോലി ബൗള്‍ഡായിരുന്നു. 72, 62 എന്നിങ്ങനെ രണ്ട് ഇന്നിങ്‌സുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കോലിയുടെ ഭാഗത്തുനിന്നുണ്ടായ സംഭാവന ചെറുതായിരുന്നു. 11, 0, 27, 0 എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ഇത്തവണ സ്‌റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. പൂജാര ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 73 നേടിയ റണ്‍സൊഴിച്ചാല്‍ പൂജാരയുടെ ബാറ്റും അധികം ശബ്ദിച്ചിട്ടില്ല. 15, 21, 7, 0, 17 എന്നിങ്ങനെയാണ് പൂജാരയുടെ സ്‌കോറുകള്‍. ഇത്തവണ ജാക്ക് ലീച്ചിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. മികച്ച തുടക്കമാണ് രഹാനെയ്ക്ക്് ലഭിച്ചത്. നാല് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ ആന്‍ഡേഴ്‌സണ്‍ പന്തെറിയാനെത്തിയപ്പോള്‍ പിഴച്ചു. ബെന്‍ സ്‌റ്റോക്‌സിന് ക്യാച്ച് നല്‍കിയാണ് രഹാനെ മടങ്ങിയത്. ഗില്ലിനെ ഇന്നലെ ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു.

സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിനെ ഒതുക്കി

നേരത്തെ സ്പിന്നര്‍മാരുടെ പ്രകടനമാണ്് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യദിനം ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ചിന് 144 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ മൂന്നാം സെഷില്‍ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 61 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാനിച്ചു. സ്റ്റോക്സിനെ നഷ്ടമായതിന് ശേഷം ഡാനിയേല്‍ ലോറന്‍സ് (46)ഒല്ലി പോപ്പ് (29) അല്‍പനേരം ചെറുനിന്നതൊഴിച്ചാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു.അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍ മൂന്നും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. 

വീണ്ടും ലോക്കല്‍ ബോയ്

മൂന്നാം ടെസ്റ്റില്‍ നിര്‍ത്തിയിടത്ത് നിന്നാണ് അക്സര്‍ പട്ടേല്‍ തുടങ്ങിയത്. മൂന്നാം ടെസ്റ്റില്‍ 11 വിക്കറ്റുകള്‍ നേടിയ അക്സര്‍ പട്ടേല്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ പറഞ്ഞയച്ചു. ആറാം ഓവരില്‍ പന്തെറിയാനെത്തിയ അക്സര്‍ സിബ്ലിയെ ബൗള്‍ഡാക്കി. അടുത്ത ഓവറിന്റെ അവസാന പന്തിലും അക്സര്‍ വിക്കറ്റ് നേടി. അക്സറിനെ ക്രീസ് വിട്ട് കളിക്കാനിറങ്ങിയ ക്രൗളിക്ക് പിഴച്ചു. മിഡ് ഓഫില്‍ മുഹമ്മദ് സിറാജിന് അനായാസ ക്യാച്ച്. അവസാന സെഷനില്‍ രണ്ട് വിക്കറ്റുകള്‍ കൂടി അക്സര്‍ നേടി. ലോറന്‍സിനെ അക്സറിന് ഓവറില്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഡൊമിനിക്ക് ബെസ്സില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി നാല് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

സ്‌റ്റോക്‌സിന്റെ കരുതല്‍, സിറാജിന്റെ ഇരട്ട പ്രഹരം 

സ്റ്റോക്സ് (55) മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കരുതലോടെയാണ് താരം കളിച്ചത്. 121 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ആറ് ഫോറും നേടി. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ജോണി ബെയര്‍സ്റ്റോയാണ് (28) സ്റ്റോക്സിനൊപ്പം ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ ബെയര്‍സ്റ്റോയെ സിറാജ് വിക്കറ്റിന് മുന്നില്‍. അതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിനേയും സിറാജ് മടക്കിയിരുന്നു. എന്നാല്‍ ബെയര്‍സ്റ്റോയെ സിറാജ് വിക്കറ്റിന് മുന്നില്‍. അതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിനേയും സിറാജ് മടക്കിയിരുന്നു.

click me!