
കെന്നിംഗ്ടണ്‍ ഓവല്‍: സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് സ്പിന്നര്‍ മൊയീന്‍ അലി. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചശേഷമാണ് മൊയീന്‍ അലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. നേരത്തെ 2021ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അലിയെ സ്പിന്നര്‍ ജാക്ക് ലീച്ചിന് പരിക്കേറ്റതോടെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്‍റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ആഷസ് ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.
ബെന്‍ സ്റ്റോക്സ് ഫോണില്‍ അയച്ചൊരു മെസേജ് ആണ് തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിച്ചത് എന്ന് പറഞ്ഞ അലി ഇനി സ്റ്റോക്സ് മെസേജ് അയച്ചാലും അത് തുറക്കാതെ ഡീലിറ്റ് ചെയ്യുമെന്ന് തമാശയായി പറഞ്ഞു. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലും ഇതോടെ മൊയീന്‍ അലി കളിക്കില്ലെന്ന് ഉറപ്പായി.
ആഷസിലെ അവസാന ഇന്നിംഗ്സിൽ നിർണായകമായ മൂന്ന് ഓസീസ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് മോയിൻ അലി ഇംഗ്ലണ്ട് വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. 68 ടെസറ്റിൽ ആകെ 204 വിക്കറ്റാണ് മോയീന്‍ വീഴ്ത്തിയത്. തിരിച്ചുവരവില്‍ ആഷസ് പരമ്പരില്‍ കളിച്ച നാലു ടെസ്റ്റില്‍ നിന്ന് 180 റണ്‍സും ഒമ്പത് വിക്കറ്റും മൊയീന്‍ സ്വന്തമാക്കി. ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ട്രാവിസ് ഹെഡിനെയും മിച്ചല്‍ മാര്‍ഷിനെയും പാറ്റ് കമിന്‍സിനെയും വീഴ്ത്തിയത് മൊയീന്‍ അലിയായിരുന്നു.
ടെസ്റ്റില്‍ 3000 റണ്‍സും 200 വിക്കറ്റും വീഴ്ത്തുന്ന പതിനാറാമത്തെ മാത്രം താരമാണ് മൊയീന്‍ അലി. 68 ടെസ്റ്റില്‍ അഞ്ച് സെഞ്ചുറിയും 15 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 3094 റണ്‍സാണ് മൊയീന്‍ അടിച്ചെടുത്തത്. ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ നിര്‍ണായക താരമാണിപ്പോഴും മൊയീന്‍ അലി. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും മൊയീന്‍ ഇംഗ്ലണ്ടിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!