ഇംഗ്ലണ്ട് സ്പിന്‍ ചുഴിയില്‍ വീണു; ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച

By Web TeamFirst Published Feb 14, 2021, 12:05 PM IST
Highlights

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329നെതിരെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 39 എന്ന പരിതാപകരമായ നിലയിലാണ്.

ചെന്നൈ: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിന് ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329നെതിരെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 39 എന്ന പരിതാപകരമായ നിലയിലാണ്. റോറി ബേണ്‍സ് (0), ഡൊമിനിക് സിബ്ലി (16), ഡാനിയേല്‍ ലോറന്‍സ് (9), ജോ റൂട്ട് (6) എന്നിവരാണ് ക്രീസില്‍. ബെന്‍ സ്‌റ്റോക്‌സാണ് (8) ക്രീസിലുള്ള താരം. ആര്‍ അശ്വിന് ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശര്‍മ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

സ്പിന്‍ ചുഴിയില്‍ വീണ് ഇംഗ്ലണ്ട്

ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ സ്പിന്‍ ചുഴികളാണ് ഇംഗ്ലണ്ടിനെ ചതിച്ചത്. ആദ്യ ഓവറില്‍ തന്നെ ബേണ്‍സ്, ഇശാന്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിരുന്നു. ശേഷിക്കുന്ന മൂന്ന് വിക്കറ്റും സ്പിന്നര്‍മാര്‍ക്കായിരുന്നു. നല്ല രീതിയില്‍ കളിച്ചുവരികയായിരുന്ന സ്ലിബി അശ്വിന്റെ പന്തില്‍ സ്വീപ്പിന് ശ്രമിച്ചപ്പോള്‍ ലെഗ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ കോലിക്ക് ക്യാച്ച് നല്‍കി. അടുത്തത് മികച്ച ഫോമിലുള്ള ജോ റൂട്ടിന്റെ ഉഴമായിരുന്നു. അക്‌സറിന്റെ പന്തില്‍ സ്വീപ്പിന് ശ്രമിച്ചപ്പോള്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ അശ്വിന് ക്യാച്ച് സമ്മാനിച്ചു. അക്‌സറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു അത്. ലഞ്ചിന് തൊട്ടുമുമ്പുള്ള പന്തില്‍ ലോറന്‍സിനേയും അശ്വിന്‍ പറഞ്ഞയച്ചു. അശ്വിന്റെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച്. 

ഇന്ത്യയുടെ വാലറ്റം തകര്‍ന്നു

നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 329ന് പുറത്തായിരുന്നു. ആറിന് 300 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ 29 റണ്‍സിനിടെ നഷ്ടമായി. പന്തിന്റെ അര്‍ധ സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. 58 റണ്‍സ് നേടിയ റിഷഭ് പുറത്താവാതെ നിന്നു. 77 പന്തില്‍ 58 റണ്‍സ് നേടിയ പന്ത്് മൂന്ന് ഫോറും ഏഴ് സിക്‌സും പറത്തി. അക്‌സര്‍ പട്ടേല്‍ (5), ഇശാന്ത് ശര്‍മ (0), കുല്‍ദീപ് യാദവ് (0), മുഹമ്മദ് സിറാജ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. രണ്ടാംദിനം ആരംഭിച്ച് രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് അക്‌സറിനെ നഷ്ടമായി. മൊയീന്‍ അലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് സറ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു താരത്തെ. ഇശാന്ത് അതേ ഓവറില്‍ റോറി ബേണ്‍സിന് ക്യാച്ച് നല്‍കി മടങ്ങി. കുല്‍ദീപിനേയും  സിറാജിനേയും  ഒരേ ഓവറില്‍ സ്‌റ്റോണ്‍ മടക്കുകയായിരുന്നു. 

രോഹിത്- രഹാനെ കൂട്ടുകെട്ട്

നേരത്തെ രോഹിത് ശര്‍മ (161), അജിന്‍ക്യ രഹാനെ (67) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 162 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. രോഹിത്, രഹാനെ എന്നിവര്‍ക്ക് പുറമെ ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (0), ചേതേശ്വര്‍ പൂജാര (21), ആര്‍ അശ്വിന്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ ദിവസം നഷ്ടമായത്. മൊയീന്‍ അലി ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തി. ഒല്ലി സ്‌റ്റോണ്‍ മൂന്നും ജാക്ക് ലീച്ച് രണ്ടും വിക്കറ്റ് നേടി. ജോ റൂട്ടിന് ഒരു വിക്കറ്റുണ്ട്.

click me!