ഇംഗ്ലണ്ടിനെതിരായ പരമ്പര; ആദ്യ രണ്ട് ടെസ്റ്റുകളില്‍ കാണികള്‍ക്ക് പ്രവേശനമില്ല

By Web TeamFirst Published Jan 23, 2021, 11:17 AM IST
Highlights

കൊവിഡ് സാഹചര്യത്തിൽ താരങ്ങളുടേയും കാണികളുടേയും സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. 

മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾ നടക്കുക കാണികൾ ഇല്ലാതെ. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. 

കൊവിഡ് സാഹചര്യത്തിൽ താരങ്ങളുടേയും കാണികളുടേയും സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. മൂന്നും നാലും ടെസ്റ്റുകൾ അഹമ്മദാബാദിലെ നവീകരിച്ച മൊട്ടേറ സ്റ്റേഡിയത്തിലാണ് നടക്കുക. ഇവിടെ അൻപത് ശതമാനം കാണികൾക്ക് പ്രവേശനം നൽകിയേക്കും. എന്നാല്‍ ഇക്കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കിയതിന്‍റെ ആവേശത്തിലാണ് ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യയിറങ്ങുക. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഇന്ത്യ. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് പിന്നിലായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തും. 

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള 18 അംഗ സ്‌ക്വാഡിനെ ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നായകന്‍ വിരാട് കോലിയും പേസര്‍ ഇശാന്ത് ശര്‍മ്മയും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തി. പരിക്കിന്‍റെ പിടിയിലുള്ള മുഹമ്മദ് ഷമി രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവരെ പരിഗണിച്ചില്ല. ഓപ്പണര്‍ പൃഥ്വി ഷായ്‌ക്ക് സ്ഥാനം നഷ്‌ടമായി. 

ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്.

ഇന്ത്യയെ കീഴടക്കുക ആഷസ് നേട്ടത്തേക്കാള്‍ മഹത്തരമെന്ന് ഗ്രെയിം സ്വാന്‍

click me!