ലണ്ടന്‍: ഇന്ത്യയില്‍ ഇന്ത്യയെ കീഴടക്കി ടെസ്റ്റ് പരമ്പര നേടുക എന്നത് ഓസ്ട്രേലിയയെ കീഴടക്കി ആഷസ് പരമ്പര നേടുന്നതിനെക്കാള്‍ മഹത്തരമാണെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ഇന്ത്യയില്‍ പരമ്പര നേടുക എന്നതിനാവണം ഇംഗ്ലണ്ട് ഇനിമുതല്‍ ആഷസിനെക്കാള്‍ പ്രാമുഖ്യം കൊടുക്കേണ്ടതെന്നും സ്വാന്‍ പറഞ്ഞു.

ഇന്ത്യയെ ഇന്ത്യയില്‍ കീഴടക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. 2012ല്‍ ഇംഗ്ലണ്ട് അത് നേടിയിട്ടുണ്ടെങ്കിലും. ലോകത്തിലെ ഏറ്റവും മികച്ച ടീമാവണമെങ്കില്‍ ഇംഗ്ലണ്ട് ആഷസിനപ്പുറം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ പരമ്പര നേടണമെങ്കില്‍ സ്പിന്നര്‍മാര്‍ മികവ് കാട്ടിയെ മതിയാവു. അതുപോലെ ബാറ്റിംഗ് നിര ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം. കെവിന്‍ പീറ്റേഴ്സണെപ്പോലെ സ്പിന്നര്‍മാര്‍ക്കെതിരെ മികവ് കാട്ടുന്നൊരു ബാറ്റ്സ്മാനാണ് ഇംഗ്ലണ്ടിന് ആവശ്യം.

ഇംഗ്ലണ്ട് എപ്പോഴും പറയാറുള്ളത് ആഷസ് വരുന്നു എന്നാണ്. എന്നാല്‍ ഓസ്ട്രേലിയയെ കീഴടക്കുക എന്നത് ഇപ്പോള്‍ വലിയ വെല്ലുവിളിയല്ല. പണ്ടത്തെ ഓസ്ട്രേലിയന്‍ ടീം പോലെ കരുത്തരല്ല ഇപ്പോഴത്തെ ടീം. പണ്ടത്തെ ടീമില്‍ നിന്നും മികവിന്‍റെ കാര്യത്തില്‍ കാതങ്ങള്‍ അകലെയാണ് ഇപ്പോഴത്തെ ഓസീസ് ടീം. അതുകൊണ്ടുതന്നെ ആഷസ് നേടുന്നതിനെക്കാള്‍ മഹത്തരമെന്ന് പറയാനാകുക ഇന്ത്യയില്‍ പരമ്പര നേടുന്നതാണെന്നും സ്വാന്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇംഗ്ലണ്ട് കളിക്കുക. അടുത്ത മാസം അഞ്ചിന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ്.