ഒരാൾക്കുപോലും അര്‍ധസെഞ്ചുറിയില്ല, എന്നിട്ടും ഒത്തുപിടിച്ച് യുവ ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍

Published : Jun 30, 2025, 08:08 PM IST
vaibhav suryavanshi

Synopsis

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീം 49 ഓവറില്‍ 290 റണ്‍സിന് ഓള്‍ ഔട്ടായി. 49 റണ്‍സെടുത്ത വില്‍ഹാന്‍ മല്‍ഹോത്രയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 

നോര്‍ത്താംപ്ടണ്‍: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് മികച്ച സ്കോര്‍. ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 290 റണ്‍സിന് ഓള്‍ ഔട്ടായി. 49 റണ്‍സെടുത്ത വില്‍ഹാന്‍ മല്‍ഹോത്രയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രാഹുല്‍ കുമാര്‍ 47 റണ്‍സടിച്ചപ്പോള്‍ വൈഭവ് സൂര്യവന്‍ഷിയും കനിഷ്ക് ചൗഹാനും 45 റണ്‍സ് വീതമെടുത്തു. നായകന്‍ ആയുഷ് മാത്രെ നേരിട്ട ആദ്യ പന്തില്‍ പുറത്തായി നിരാശപ്പെടുത്തി.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ക്യാപ്റ്റൻ ആയുഷ് മാത്രെ ഗോള്‍ഡൻ ഡക്കായി പുറത്തായി. എ എം ഫ്രഞ്ചാണ് മാത്രെയെ ക്ലീന്‍ ബൗൾഡാക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് വൈഭവും വിഹാന്‍ മല്‍ഹോത്രയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കരയകയറ്റി. അഞ്ച് ഫോറും മൂന്ന് സിക്സും പറത്തി 34 പന്തില്‍ 45 റണ്‍സടിച്ച വൈഭവ് പ്രതീക്ഷ നല്‍കിയെങ്കിലും ജാക് ഹോമിന്‍റെ പന്തില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.വൈഭവ് പുറത്താവുമ്പോള്‍ ഇന്ത്യ 10.2 ഓവറില്‍ 69 റണ്‍സിലെത്തിയിരുന്നു.

വൈഭവ് പുറത്തായശേഷം ക്രീസില്‍ ഒരുമിച്ച വിഹാന്‍ മല്‍ഹോത്രയും ചാവ്ഡയും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. 43 പന്തില്‍ 22 റണ്‍സെടുത്ത ചാവ്‌ഡ‍യെ പുറത്താക്കിയ അലക്സ് ഗ്രീനാണ് ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് സമ്മാനിച്ചത്. പിന്നീട് വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ഡുവും(32), മല്‍ഹോത്രയും ചേര്‍ന്ന് 150 കടത്തി. എന്നാല്‍ മല്‍ഹോത്രയും അഭിഗ്യാനും അടുത്തടുത്ത് പുറത്തായതോടെ ഇന്ത്യ 171-5 എന്ന സ്കോറില്‍ പതറിയെങ്കിലും ആറാമനായി ക്രീസിലെത്തിയ രാഹുല്‍ കുമാറും(47), ഏഴാം നമ്പറിലെത്തിയ കനിഷ്ക് ചൗഹാനും(45) ചേര്‍ന്ന് ഇന്ത്യയെ 249ല്‍ എത്തിച്ചു. വാലറ്റക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനാവാഞ്ഞതോടെ ഇന്ത്യൻ ഇന്നിംഗ്സ് 49 ഓവറില്‍ 290ല്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി ജാക് ഹോമും അലക്സ് ഗ്രീനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആറ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയിരുന്നു.ഇംഗ്ലണ്ട് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി 19 പന്തില്‍ 48 റണ്‍സടിച്ച വൈഭവ് സൂര്യവന്‍ഷിയായിരുന്നു ടോപ് സ്കോററായത്. ക്യാപ്റ്റന്‍ ആയുഷ് മാത്രെ 30 പന്തില്‍ 21 റണ്‍സെടുത്തപ്പോള്‍ 34 പന്തില്‍ 45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ഡുവാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. അഞ്ച് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്
സ്റ്റീവന്‍ സ്മിത്തും ക്വിന്റണ്‍ ഡി കോക്കും ഐപിഎല്‍ താരലേലത്തിന്; ചുരുക്കപട്ടിക ആയി