
ലണ്ടന്‍: ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ അത്ഭുത പ്രകടനവുമായി അയര്‍ലന്‍ഡ്. ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നാടകീയ തകര്‍ച്ചയിലേക്ക് തള്ളിവിട്ടാണ് അയര്‍ലന്‍ഡ് കരുത്തുകാട്ടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. 15റണ്‍സുമായി സാം കറനും രണ്ട് റണ്ണോടെ ഓലി സ്റ്റോണും ക്രീസില്‍.
11 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ടിം മുര്‍ത്താഗ് ആണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. സ്കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏകദിനത്തിലെ ബാറ്റിംഗ് മികവില്‍ ടെസ്റ്റില്‍ അരങ്ങേറിയ ജേസണ്‍ റോയ് അഞ്ച് റണ്‍സെടുത്തു പുറത്ത്.
പിന്നീട് റോറി ബേണ്‍സും ജോണ്‍ ഡെന്‍ലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 36 റണ്‍സിലെത്തിച്ചു. ഇതിനുശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ നാടകീയ തകര്‍ച്ച. ജോ ഡെന്‍ലിയെ(23) വീഴ്ത്തിയ മാര്‍ക്ക് അഡെയര്‍ ആണ് ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തകര്‍ച്ചക്ക് തുടക്കമിട്ടത്. റോറി ബേണ്‍സിനെ(6) മുര്‍ട്ടാഗും ക്യാപ്റ്റന്‍ ജോ റൂട്ടിനെ(2) അഡെയറും മടക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി.
ജോണി ബെയര്‍സ്റ്റോ(0), മോയിന്‍ അലി(0), ക്രിസ് വോക്സ്(0) എന്നിവരെകൂടി മുര്‍ത്താഗ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 43/7ലേക്ക് കൂപ്പുകുത്തി.ടെസ്റ്റ് പദവി ലഭിച്ച അയര്‍ലന്‍ഡിന്റെ ആദ്യ മത്സരമാണിത്. ഒരു ടെസ്റ്റ് മാത്രമാണ് പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!