റൂട്ടിന് സെഞ്ചുറി, ബുമ്രക്ക് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ടിനെതിരെ ജയത്തിലേക്ക് ബാറ്റ് വീശി ഇന്ത്യ

By Gopalakrishnan CFirst Published Aug 7, 2021, 10:36 PM IST
Highlights

സിബ്ലിയെയും(28) ബുമ്ര വീഴ്ത്തിയെങ്കിലും ജോണി ബെയര്‍സ്റ്റോ(30), ഡാനിയേല്‍ ലോറന്‍സ്(25), സാം കറന്‍(32) എന്നിവരെ കൂട്ടുപിടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ റൂട്ട് ഇംഗ്ലണ്ടിനെ പൊരുതാവുന്ന ലീഡിലേക്ക് നയിച്ചു.

ലണ്ടന്‍: നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 209 റണ്‍സ് വിജയലക്ഷ്യം. വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 303 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ ജോറൂട്ടിന്‍റെ സെഞ്ചുറിയാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റെടുത്തു.

209 റണ്‍സ് വിജിയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സ് വീതമടുത്ത് രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയും ക്രീസില്‍. 26 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സ്റ്റുവര്‍ട്ട് ബ്രോഡിനാണ് വിക്കറ്റ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയത്തിലേക്ക് 157 റണ്‍സ് കൂടി വേണം.

തുടക്കത്തിലെ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ബുമ്ര

മൂന്നാം ദിനം തുടക്കത്തില്‍ റോറി ബേണ്‍സിനെ വീഴ്ത്തി മുഹമ്മദ് സിറാജ് ആണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 18 റണ്‍സെടുത്ത ബേണ്‍സിനെ സിറാജ് റിഷഭ് പന്തിന്‍റെ കൈകകളിലെത്തിച്ചു. തൊട്ടുപിന്നാലെ സാക്ക് ക്രോളിയെ(6) ബുമ്ര, പന്തിന്‍റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് പതറി. 46 റണ്‍സെ അപ്പോള്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു. എന്നാല്‍ ഡൊമനിക് സിബ്ലിയെ ഒരറ്റത്ത് നിര്‍ത്തി ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ജോ റൂട്ട് ഇന്ത്യയുടെ ലീഡ് മറികടന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു.

തകര്‍ത്തടിച്ച് റൂട്ട്

സിബ്ലിയെയും(28) ബുമ്ര വീഴ്ത്തിയെങ്കിലും ജോണി ബെയര്‍സ്റ്റോ(30), ഡാനിയേല്‍ ലോറന്‍സ്(25), സാം കറന്‍(32) എന്നിവരെ കൂട്ടുപിടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ റൂട്ട് ഇംഗ്ലണ്ടിനെ പൊരുതാവുന്ന ലീഡിലേക്ക് നയിച്ചു. 172 പന്തില്‍ 109 റണ്‍സെടുത്ത റൂട്ടിനെ ബുമ്ര വീഴ്ത്തിയശേഷം വാലറ്റത്ത് സാം കറന്‍ നടത്തിയ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ട് ലീഡ് 200 കടത്തി.

ഒടുവില്‍ വാലരിഞ്ഞ് ബുമ്രയും ഷമിയും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് 303 റണ്‍സില്‍ അവസാനിപ്പിച്ചു. ഇന്ത്യക്കായി ബുമ്ര 64 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സിറാജും ഷര്‍ദ്ദുലും രണ്ട് വിക്കറ്റ് വീതവും ഷമി ഒരു വിക്കറ്റുമെടുത്തു.

click me!