പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോര്‍; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Aug 6, 2020, 11:06 PM IST
Highlights

റോറി ബേണ്‍സ്(4), ഡൊമനിക് സിബ്ലി(8), ബെന്‍ സ്റ്റോക്സ്(0), ജോ റൂട്ട്(14) എന്നിവരുടെ വിക്കറ്റകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് അബ്ബാസ് രണ്ടും ഷഹീന്‍ അഫ്രീദി, യാസിര്‍ ഷാ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

മാഞ്ചസ്റ്റര്‍: ഓപ്പണര്‍ ഷാന്‍ മസൂദിന്റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ടിനെിതരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ രണ്ടാം ദിനം 326 റണ്‍സിന് ഓള്‍ ഔട്ടായി. 156 റണ്‍സെടുത്ത ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്. 46 റണ്‍സോടെ ഓലി പോപ്പും 15 റണ്‍സുമായി ജോസ് ബട്‌ലറുമാണ് ക്രീസില്‍.

റോറി ബേണ്‍സ്(4), ഡൊമനിക് സിബ്ലി(8), ബെന്‍ സ്റ്റോക്സ്(0), ജോ റൂട്ട്(14) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് അബ്ബാസ് രണ്ടും ഷഹീന്‍ അഫ്രീദി, യാസിര്‍ ഷാ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിലെ ബാബര്‍ അസമിനെ(69) നഷ്ടമായി. തലേന്നത്തെ സ്കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാന്‍ അനുവദിക്കാതെ ആന്‍ഡേഴ്സണാണ് അസമിനെ വീഴ്ത്തിയത്. പിന്നാലെ ആസാദ് ഷഫീഖിനെ(7) ബ്രോഡും മടക്കിയതോടെ പാക്കിസ്ഥാന്‍ വന്‍ തകര്‍ച്ചയിലായി.

എന്നാല്‍ ഷദാബ് ഖാനെ(45) കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന മസൂദ്  ചേര്‍ന്ന് 250 കടത്തി. 251 പന്തില്‍ സെഞ്ചുറിയിലെത്തിയ മസൂദ് 1996ല്‍ സയ്യിദ് അന്‍വറിനുശേഷം ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ പാക് ഓപ്പണറെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഷദാബ് ഖാന്‍ പുറത്തായതിന് പിന്നാലെ പാക് ഇന്നിംഗ്സ് അധികം നീണ്ടില്ല. ഇംഗ്ലണ്ടിനായി ബ്രോഡും ആര്‍ച്ചറും  മൂന്നു വീതം വിക്കറ്റെടുത്തപ്പോള്‍ വോക്സ് രണ്ട് വിക്കറ്റെടുത്തു.

click me!